വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടേത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബവും ഭാര്യ അനുപമ നദെല്ലയുമെല്ലാം വാർത്തകളിൽ നിന്നും അകന്നുള്ള ജീവിതം ആഗ്രഹിക്കുന്നവരാണ്. സത്യ നദെല്ലയുടെ കരിയർ വഴിയിലും ജീവിതത്തിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അനുപമ. ജീവകാരുണ്യരംഗത്തും പേരെടുത്ത അനുപമ നദെല്ലയെ കുറിച്ചറിയാം.
മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പഠനകാലത്താണ് സത്യയും അനുപമയും കണ്ടുമുട്ടുന്നത്. മണിപ്പാലിൽ നിന്നും ആർക്കിടെക്ചർ ബിരുദമാണ് അനുപമ നേടിയത്. സത്യ നദെല്ലയുടെ പിതാവിനെപ്പോലെ അനുപമയുടെ പിതാവും ഐഎഎസ് ഓഫീസറായിരുന്നു. ഇരു കുടുംബങ്ങളുടേയും ഈ സിവിൽ സർവീസ് ബന്ധം ഇവർ തമ്മിലുള്ള അടുപ്പം വലുതാകുന്നതിൽ വലിയ പങ്കുവഹിച്ചു. 1992ലായിരുന്നു സത്യയുടേയും അനുപമയുടേയും വിവാഹം. വിവാഹസമയത്ത് സത്യയ്ക്ക് ഗ്രീൻ കാർഡ് ഉണ്ടായിരുന്നു. എന്നാൽ യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കാരണം അനുമയ്ക്ക് വിസ ലഭിക്കുന്നതിന് ഏറെ കാലതാമസം പിടിച്ചു. അനുപമയ്ക്കായി ഗ്രീൻ കാർഡ് ഉപേക്ഷിച്ച സത്യ പിന്നീട് എച്ച്1ബി വിസയിലേക്ക് മാറി.
മൂന്ന് മക്കളാണ് സത്യ-അനുപമ ദമ്പതികൾക്ക്. സെറിബ്രൽ പാൾസി ബാധിതനായിരുന്ന സെയ്ൻ എന്ന ഇവരുടെ മകൻ 2022ൽ അന്തരിച്ചിരുന്നു. ഈ ആഘാതത്തെ തുടർന്ന് ഗുരുതര വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി അനുപമ പ്രവർത്തിക്കുന്നു. മറ്റ് ജീവകാരുണ്യ പ്രവത്തനങ്ങളിലും അനുപമ സജീവമാണ്. അടുത്തിടെ പ്രിസിഷൻ മെഡിസിൻ ന്യൂറോ സയൻസ്, മാനസികാരോഗ്യ സംരക്ഷണം എന്നിവയെ പിന്തുണയ്ക്കുന്നതിനായി സിയാറ്റിൽ ചിൽഡ്രൻസ് ഹോസ്പിറ്റലിന് അനുപമ 15 മില്യൺ ഡോളർ സംഭാവന ചെയ്തിരുന്നു.
Explore the life of Anupama Nadella, wife of Microsoft CEO Satya Nadella, highlighting her shared background, immigration challenges, dedication to family, and advocacy for disability and mental health.