ഹ്രസ്വ ദൂര യാത്രകൾക്കായി കൂടുതൽ ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. ഇതിനായി 50 പുതിയ നമോ ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 100 മെയിൻലൈൻ ഇഎംയുകളും (MEMU) പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേ ഭാരത് എക്സ്പ്രസ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എയർ കണ്ടീഷൻ സെൽഫ് പ്രൊപ്പൽഡ് ട്രെയിൻ സെറ്റാണ് നമോ ഭാരത്. മുമ്പ് ഇവ വന്ദേ മെട്രോ എന്നാണ് അറിയപ്പെട്ടിരുന്നത്. നോൺ-സബർബൻ റൂട്ടുകളിൽ റിസർവേഷൻ ഇല്ലാത്തവർക്കും സാധാരണ യാത്രക്കാർക്കും പ്രീമിയം ഹ്രസ്വദൂര യാത്ര വാഗ്ദാനം ചെയ്യുന്നതാണ് നമോ ഭാരത് ട്രെയിനുകൾ. കുറഞ്ഞ ദൈർഘ്യമുള്ള ഇന്റർ സിറ്റി യാത്രകൾക്കായാണ് നമോ ഭാരത് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമോ ഭാരത് ട്രെയിനുകൾ പരമാവധി മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ഓടുക.
ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ പ്രധാന ഇഎംയുകൾക്ക് പകരമായി നമോ ഭാരത് ട്രെയിനുകൾ എത്തും. മെട്രോ സർവീസുകൾക്ക് സമാനമായ ഇരിപ്പിടങ്ങളും സ്റ്റാൻഡിംഗ് ക്രമീകരണങ്ങളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളാണ് ഇവയിൽ ഉണ്ടാകുക. 12 കോച്ചുകളുള്ള ട്രെയിനുകളുടെ സീറ്റിങ് കപ്പാസിറ്റി 1150 ആണ്. 2058 പേർക്ക് നിന്നുകൊണ്ട് യാത്ര ചെയ്യാനും സാധിക്കും. മികച്ച ആക്സിലറേഷൻ-ഡീസലേറേഷൻ എബിലിറ്റി, പൂർണ്ണമായും അടച്ച ഗാംഗ്വേകൾ തുടങ്ങിയ നൂതന സവിശേഷതകളാണ് ഇവയിലുള്ളത്.
സുഖപ്രദമായ സീറ്റ്ങ് ക്രമീകരണൾ, എസി, ഓട്ടോമാറ്റിക് വാതിലുകൾ, KAVACH ആന്റി-കൊളീഷൻ സിസ്റ്റം, മൊബൈൽ ചാർജിംഗിനുള്ള പവർ പോയിന്റുകൾ, റോളർ ബ്ലൈൻഡുകളുള്ള വലിയ സീൽ ചെയ്ത പനോരമിക് വിൻഡോകൾ തുടങ്ങിയവയും ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നു.
സുരക്ഷാ ആവശ്യങ്ങൾക്കായി, സിസിടിവി നിരീക്ഷണവും അടിയന്തര ആശയവിനിമയ യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. വാക്വം അധിഷ്ഠിത ഇവാക്വേഷൻ സിസ്റ്റം ഉള്ള ആധുനിക മോഡുലാർ ടോയ്ലറ്റുകളും വന്ദേ മെട്രോയിലുണ്ട്.
Indian Railways to launch 50 new AC Namo Bharat trains and 100 new MEMUs to upgrade short-distance travel with enhanced speed, comfort, and safety features.