ഓൺലൈൻ ടാക്സി സേവനവുമായി കേന്ദ്ര ഗവൺമെന്റ്. ടാക്സി ഡ്രൈവർമാരെ ശാക്തീകരിക്കുന്നതിനും സഹകരണ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സഹകാർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡ് (Sahakar Taxi Cooperative Limited) എന്ന സേവനം വരുന്നത്. നിലവിൽ സഹകാർ ടാക്സി മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന് കീഴിൽ ഔദ്യോഗികമായി റജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാകും പ്രവർത്തനം.
നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് (NCDC) സഹകാർ ടാക്സി പ്രൊമോട്ട് ചെയ്യുന്നത്. അമുൽ, നാഫെഡ്, നബാർഡ്, ഇഫ്കോ, ക്രിബ്കോ, എൻഡിഡിബി, നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡ് (NCEL) എന്നിങ്ങനെ ഇന്ത്യയിലെ ഏഴ് പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രവർത്തനം. ഊബർ, ഓല തുടങ്ങിയ സാങ്കേതിക പ്ലാറ്റ്ഫോമുകളിലേതിനു സമാനമായാകും സഹകാർ ടാക്സിയുടെ പ്രവർത്തനം. എന്നാൽ പൂർണ നിയന്ത്രണം പ്രധാനമായും ടാക്സി ഡ്രൈവർമാർ ഉൾപ്പെടുന്ന അംഗങ്ങൾക്കായിരിക്കും
“സഹകരണ സ്ഥാപനങ്ങൾക്കിടയിലെ സഹകരണം” എന്ന തത്വത്തിന് കീഴിലാണ് സഹകാർ ടാക്സി പ്രവർത്തിക്കുക. ഇതിലൂടെ ഗതാഗത മേഖലയിൽ സുസ്ഥിരവും ജനാധിപത്യപരവുമായ മാതൃക കെട്ടിപ്പടുക്കാനാകും എന്നാണ് വിലയിരുത്തൽ. സഹകാർ ടാക്സി പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഇടക്കാല ബോർഡ് രൂപീകരിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനത്തിന് 300 കോടി രൂപയുടെ അംഗീകൃത ഓഹരി മൂലധനമുണ്ട്. എട്ട് പ്രൊമോട്ടിംഗ് സഹകരണ സ്ഥാപനങ്ങൾ ഇതിനകം 80 കോടി രൂപ സംഭാവന ചെയ്തിട്ടുമുണ്ട്. പദ്ധതിയുടെ സോഫ്റ്റ്വെയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനം പുരോഗമിക്കുകയാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ സഹകാർ ടാക്സി പ്രവർത്തനക്ഷമമാകും എന്നാണ് റിപ്പോർട്ട്.
Sahakar Taxi Cooperative, a driver-owned ride-hailing platform backed by major cooperatives, launches in Delhi, UP, Gujarat, and Maharashtra, offering an alternative to Uber/Ola.