ഹോസ്പിറ്റാലിറ്റി, ട്രാവൽ സർവീസ് കമ്പനിയായ ട്രാവ് ലോഞ്ചിൽ (Travlounge) 25 കോടി രൂപ നിക്ഷേപവുമായി വ്യവസായി ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പ്. കോഴിക്കോട് ആസ്ഥാനമായുള്ള ബീക്കൺ ഗ്രൂപ്പിനു (Beacon Group) കീഴിലുള്ള സ്റ്റാർട്ടപ്പാണ് ട്രാവ് ലോഞ്ച്. മൂന്ന് വർഷം മുൻപ് ആസ്കോ ഗ്ലോബൽ (AZCCO Global) ട്രാവ് ലോഞ്ചിൽ എട്ട് കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗോകുലം ഗ്രൂപ്പിന്റെ വമ്പൻ നിക്ഷേപം.
യാത്രക്കാർക്ക് സഹായകരമാകുന്ന തരത്തിൽ ഹൈജീനിക് ടോയ്ലറ്റ് സൗകര്യം, സ്ലീപ്പിങ് പോഡ്, കോഫി ആൻഡ് ടീ കൗണ്ടർ തുടങ്ങിയവ അടങ്ങുന്ന ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ ഒരുക്കുന്ന സ്റ്റാർട്ടപ്പാണ് ട്രാവ് ലോഞ്ച്. നിലവിൽ വാളയാർ, അടിമാലി എന്നിവിടങ്ങളിൽ ട്രാവ് ലോഞ്ച് ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ പ്രവർത്തനസജ്ജമാണ്. ദേശീയതലത്തിൽ ഹൈവേ റെസ്റ്റ് സ്റ്റോപ്പ് ശൃംഖല വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി സഹസ്ഥാപകൻ പി.ടി. സഫീർ പറഞ്ഞു. അടുത്തിടെ ട്രാവ് ലോഞ്ച് മൊബൈൽ ആപ്പ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലോഞ്ച് ചെയ്തിരുന്നു. travlounge.com എന്ന വെബ്സൈറ്റ് വഴിയും കമ്പനി സേവനങ്ങൾ ലഭ്യമാക്കുന്നു.
Gokulam Gopalan invests ₹25 crore in Travlounge, a Kerala startup providing highway amenities like clean restrooms and sleeping pods, aiming for pan-India expansion.