എറണാകുളത്തെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനുകളിലേക്കുള്ള ആകാശപാതകൾക്ക് പച്ചക്കൊടി കാണിച്ച് റെയിൽവേ. ഇതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) ഭൂമി ഉപയോഗത്തിന് ഇളവുകൾ നൽകുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സ്കൈവാക്കുകൾ നിർമ്മിക്കണെമന്ന് ഏറെ നാളായുള്ള ആവശ്യമാണ്. ഇതുസംബന്ധിച്ച് റെയിൽവേയും കെഎംആർഎലും നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ പദ്ധതി എങ്ങുമെത്താതെ തുടർന്ന സാഹചര്യത്തിലാണ് റെയിൽവേ ഇപ്പോൾ ഭൂമി ഉപയോഗത്തിന് ഇളവുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കൈവാക്കുകളുടെ നിർമ്മാണത്തിന് റെയിൽവേയ്ക്ക് സമ്മതമാണെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ല്യാലിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കെഎംആർഎൽ ആകാശപാത നിർമ്മിക്കേണ്ടിവരും. നിർമ്മാണം നടത്തേണ്ട റെയിൽവേ ഭൂമിയുടെ വില പോലുള്ള ഇളവുകൾ നൽകാൻ റെയിൽവേ തയ്യാറാണ്. കെഎംആർഎൽ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചാൽ പദ്ധതിക്ക് അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കെഎംആർഎൽ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Railways greenlights skywalks connecting major Ernakulam railway stations (Jn, Town, Thrippunithura) to Kochi Metro, offering land use concessions to KMRL for the project.