സോഹോ കോര്‍പ്പറേഷന്‍റെ കൊട്ടാരക്കരയിലെ ഗവേഷണ-വികസന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ ഒരു ഡീപ്ടെക് സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള ധാരണാപത്രം കെഎസ്‌യുഎം സോഹോയുമായി ഒപ്പുവച്ചു.ഇതിനു പുറമെ കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അസിമോവ് റോബോട്ടിക്സിനെ സോഹോ ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു.

 ബിസിനസുകള്‍ക്കായി സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര സാങ്കേതികവിദ്യ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍റെ കൊട്ടാരക്കരയിലെ ഗവേഷണ-വികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു.  

കൊട്ടാരക്കരയിലെ ആര്‍ ആന്‍ഡ് ഡി സെന്‍ററില്‍ ഒരു ഡീപ്ടെക് സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള ധാരണാപത്രം KSUM സോഹോയുമായി ഒപ്പുവച്ചു.

കൊച്ചി ആസ്ഥാനമായ കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അസിമോവ് റോബോട്ടിക്സിനെ സോഹോ ഏറ്റെടുക്കുന്നതിന്‍റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. കാമ്പസില്‍ സോഹോയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന എട്ട് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകളെ ചടങ്ങില്‍ അനുമോദിച്ചു. ബോസണ്‍ മോട്ടോഴ്സ്, സെന്‍ട്രോണ്‍ ലാബ്സ്, വി ടൈറ്റന്‍ കോര്‍പ്പറേഷന്‍, വിപസ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, വെര്‍ഡന്‍റ് ടെലിമെട്രി ആന്‍ഡ് ആന്‍റിന സിസ്റ്റംസ്, ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ്, എനര്‍ജി 24ബൈ 7, നേത്രസെമി എന്നിവയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍.

ഐടി മേഖലയ്ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ സംസ്ഥാനം വിജയിച്ചതിന്‍റെ തെളിവാണിതെന്നും,  ഐടി വ്യവസായത്തില്‍ കേരളം വലിയ മുന്നേറ്റത്തിന്‍റെ പാതയിലാണെന്നും സംസ്ഥാനത്തിന്‍റെ ഐടി കയറ്റുമതി വൈകാതെ ഒരു ലക്ഷം കോടിയിലേക്ക് എത്തുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.  

ഗതാഗത മേഖലയില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനമാണ് കേരളത്തിലെ ഐടി വ്യവസായത്തിന് ഊര്‍ജ്ജമേകുന്നതെന്നും ഇത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം നല്‍കുന്ന നിക്ഷേപസാധ്യത ഏറെ വലുതാണ്. ഐടി മേഖലയില്‍ 66,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

 നൂതനാശയങ്ങള്‍ ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാഹചര്യം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ നേതൃത്വത്തില്‍ ഇതിന് മാര്‍ഗനിര്‍ദേശവും ഫണ്ടിംഗും നല്‍കുന്നു. കേരളത്തില്‍ നിലവില്‍ 6400 സ്റ്റാര്‍ട്ടപ്പുകളാണുള്ളത്. സ്റ്റാര്‍ട്ടപ്പുകളിലൂടെ 6000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിന് ലഭിച്ചത്. സോഹോയുടെ കൊട്ടാരക്കര ഗവേഷണ-വികസന കേന്ദ്രത്തില്‍ തുടക്കത്തില്‍ 250 ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ ലഭിക്കുക. പിന്നീട് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ നൈപുണ്യശേഷി മെച്ചപ്പെടുത്തി കൂടുതല്‍ മികച്ച തൊഴിലവസരം സാധ്യമാക്കുകയാണ് സോഹോ പോലുള്ള കമ്പനികള്‍ ചെയ്യുന്നത്. കൊട്ടാരക്കരയിലേത് ഒരു തുടക്കമാണെന്നും ഈ മാതൃക കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാകുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍  ചൂണ്ടിക്കാട്ടി.

ഗ്രാമീണ മേഖലയിലെ ചെറുപ്പക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരത്തിനും വിവിധ മേഖലകളിലെ തൊഴില്‍ വികസനത്തിനുമാണ് പദ്ധതിയിലൂടെ അവസരമൊരുങ്ങുന്നതെന്ന് ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.

വികേന്ദ്രീകൃത വികസനത്തിന്‍റെ മാതൃകയാണ് കൊട്ടാരക്കരയിലെ സോഹോ കാമ്പസെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. വികസനവും തൊഴിലവസരവും നഗര കേന്ദ്രീകൃതമായി ഒതുങ്ങാതെ എല്ലാ പ്രദേശങ്ങളിലേക്കും വ്യക്തികളിലേക്കും എത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊടിക്കുന്നില്‍ സുരേഷ് എംപി , ഐസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, സോഹോ കോര്‍പ്പറേഷന്‍ ഫൗണ്ടര്‍മാരായ ശ്രീധര്‍ വെമ്പു, ടോണി തോമസ്, സോഹോ കോര്‍പ്പറേഷന്‍ സിഇഒ ശൈലേഷ് കുമാര്‍ ദാവേ, സോഹോ പ്രിന്‍സിപ്പല്‍ ഡോ. ജയരാജ് പോരൂര്‍ എന്നിവരും കൊട്ടാരക്കര ഐ ടി പാർക്കായി മാറുന്ന സുപ്രധാന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു .

Kerala’s Chief Minister announced the state’s IT exports are nearing ₹1 lakh crore, as he inaugurated Zoho Corporation’s R&D center in Kottarakkara, highlighting KSUM’s partnership with Zoho and a significant startup acquisition.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version