കാര്‍ഷിക -ജൈവമാലിന്യങ്ങളില്‍ നിന്ന് മികച്ച ഗുണനിലവാരവും സുസ്ഥിരവുമായ സെല്ലുലോസ് പള്‍പ്പ് ഉത്പാദിപ്പിക്കുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് സെല്ലുപ്രോ ഗ്രീന്‍ Cellupro Green Pvt Ltd ശ്രദ്ധേയമാകുന്നു . കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡാണ് സുസ്ഥിര സെല്ലുലോസ് പള്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഒരു വനിതാ സംരംഭക മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉല്പാദന മേഖലയിലെത്തുന്നത് കേരളത്തില്‍ ആദ്യം എന്ന നേട്ടം കൂടിയുണ്ടിതിന്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചു പോകുന്ന തരത്തിലാണ് ഉത്പന്ന നിര്‍മ്മാണമെന്നതാണ് മറ്റൊരു സംരംഭക മികവ് .
കേരളത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭക മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉത്പാദന യൂണിറ്റെന്ന ആശയവുമായി മുന്നോട്ട് വരുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വി-സ്റ്റാര്‍ട്ട് പ്രീ ഇന്‍കുബേഷന്‍ പരിപാടിയുടെ ഗുണഭോക്താവും മാവേലിക്കര സ്വദേശിനിയും ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയുമായ ഡോ. രശ്മി രാജശേഖരനാണ് സെല്ലുപ്രോ ഗ്രീന്‍ കമ്പനിയ്ക്ക് പിന്നില്‍. ഭര്‍ത്താവ് പത്മകുമാറും ചെങ്ങന്നൂര്‍ സ്വദേശിനി മായ രാജേഷും Cellupro Green സഹസ്ഥാപകരാണ്.
വൈക്കോല്‍, കരിമ്പിന്‍ ചണ്ടി, ചക്കമടല്‍, പൈനാപ്പിള്‍ ചെടിയുടെ അവശിഷ്ടം തുടങ്ങിയ കാര്‍ഷിക മാലിന്യങ്ങളില്‍ നിന്നാണ് സെല്ലുലോസ് പള്‍പ്പ് നിര്‍മ്മിക്കുന്നത്. ഡോ. രശ്മി രാജശേഖരന്‍റെ പത്ത് വര്‍ഷത്തെ ഗവേഷണത്തിന്‍റെ ഫലമായ മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പുകള്‍ ഒടുവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭമായി മാറുകയായിരുന്നു . ക്രീമുകള്‍, ലോഷനുകള്‍, ഫെയ്സ് മാസ്കുകള്‍, സണ്‍സ്ക്രീനുകള്‍ തുടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ , ടിഷ്യൂ പേപ്പര്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയ പേപ്പര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ബയോകോമ്പോസിറ്റുകള്‍ വികസിപ്പിക്കുന്നതിലെ ഗവേഷണ പദ്ധതികള്‍ക്കുമുള്ള അത്യന്താപേക്ഷിക ഘടകങ്ങളിലൊന്നാണ് മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പുകള്‍.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ വേള്‍ഡ് ടോപ് 2 % ശാസ്ത്രജ്ഞരുടെ പട്ടികയില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇടം നേടാന്‍ ഡോ. രശ്മി രാജശേഖരന് സാധിച്ചിട്ടുണ്ട്. ബയോടെക് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യ (ബിആര്‍എസ്ഐ)യുടെ 2023 ലെ മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള അവാര്‍ഡും ലഭിച്ചു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വി-സ്റ്റാര്‍ട്ട് പ്രീ ഇന്‍കുബേഷന്‍ പരിപാടിയില്‍ നിന്ന് ലഭിച്ച പിന്തുണയും മാര്‍ഗനിര്‍ദേശവും സംരംഭകാശയത്തെ ഉത്പന്നമായി മാറ്റാന്‍ പ്രചോദനമായതായി ഡോ. രശ്മി രാജശേഖരന്‍ പറഞ്ഞു. 100% പരിസ്ഥിതി സൗഹൃദവും ഹെര്‍ബലുമായ ഈ ഉത്പന്നത്തിന്‍റെ പേറ്റന്‍റ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ചു പോകുന്ന തരത്തിലാണ് ഉത്പന്ന നിര്‍മ്മാണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
dr rashmi rajasekharan’s cellupro green, a kerala startup, converts agri-waste into micro/nanocrystalline cellulose pulp, promoting un sdgs.