കേരളത്തിന്റെ സാംസ്കാരിക പെരുമ മുദ്രണം ചെയ്ത ചിത്ര കലാ ഗോപുരങ്ങൾ ഒരുക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ചാക്കയിലെ രാജ്യാന്തര ടെർമിനലിലേക്കുള്ള ഓവർബ്രിഡ്ജ് ടവറുകളാണ് ചിത്ര ഗോപുരങ്ങളാക്കി മാറ്റിയത്. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, സാംസ്കാരിക ബിംബങ്ങൾ, ചരിത്രസ്മാരകങ്ങൾ, കേരളത്തിന്റെ അഭിമാനമായി മാറിയ സ്ഥാപനങ്ങൾ എന്നിവയടങ്ങുന്ന കാൻവാസ് ആയാണ് ടവറുകളെ മാറ്റിയത്.
തെയ്യവും കഥകളിയും മുതൽ ഒപ്പനയും മാർഗംകളിയും പൂരവും രഥോത്സവവും വരെ ആദ്യ ഗോപുരത്തെ മനോഹരമാക്കുന്നു. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനിൽ തുടങ്ങുന്ന രണ്ടാം ഗോപുരത്തിൽ മലയാളം അക്ഷരമാലയും കളരിയും ആയുർവേദവും മുതൽ വള്ളംകളി വരെയുണ്ട്. മൂന്നാം ഗോപുരം തിരുവനന്തപുരത്തിന്റെ കലാ, സാംസ്കാരിക പാരമ്പര്യത്തിന്റെ നേർക്കാഴ്ചയാണ്. പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, പാളയം ചർച്ച്, രാജാ രവിവർമയുടെ അനശ്വര പെയിന്റിംഗുകൾ, രാജ കൊട്ടാരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നാലാം ഗോപുരം ആധുനിക തലസ്ഥാനത്തിന്റെ മുഖമാണ്- നിയമസഭാ മന്ദിരവും, വിക്രം സാരാഭായി സ്പേസ് സെന്ററും ടെക്നോപാർക്കും നേപ്പിയർ മ്യൂസിയവും മുതൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വരെ നിറക്കൂട്ടുകളായി കാഴ്ചയൊരുക്കുന്നു.
ഒറ്റപ്പാലത്തെ ദേവ ക്രിയേഷൻസ് സ്ഥാപകരായ അമ്പിളി തെക്കേടത്ത്, സനു ക്രാരിയേലി എന്നിവരുടെ നേതൃത്വത്തിൽ മൂന്നു മാസമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
Thiruvananthapuram International Airport now showcases Kerala’s rich cultural heritage through stunning art towers on its overbridge to the international terminal. These “Chithra Gopurams” depict traditional art forms, cultural symbols, historical monuments, and modern achievements of Kerala and its capital.