എട്ട് പ്രധാന കപ്പൽ നിർമ്മാണ ക്ലസ്റ്റർ പദ്ധതികളുമായി കേന്ദ്രം. കൊച്ചിയടക്കം ഏട്ട് കേന്ദ്രങ്ങളിലായാണ് 2 ലക്ഷം കോടി രൂപയുടെ പദ്ധതികൾ വരുന്നത്. അഞ്ച് പുതിയ ഗ്രീൻഫീൽഡ് പദ്ധതികളും നിലവിലുള്ള മൂന്ന് സൗകര്യങ്ങളുടെ വിപുലീകരണവുമാണ് നടപ്പാക്കുക.
കൊച്ചി തുറമുഖത്തിനു സമീപം, ഗുജറാത്തിലെ വാദിനാർ, കണ്ട്ല എന്നിവിടങ്ങളിലാണ് ബ്രൗൺ ഫീൽഡ് പദ്ധതികൾ നടപ്പാക്കുന്നത്. ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായുള്ള ആഗോള പങ്കാളിത്തങ്ങളാണ് പദ്ധതികൾക്കുള്ളത്.
ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഗ്രീൻഫീൽഡ് ക്ലസ്റ്ററുകൾ സ്ഥാപിക്കുക. കപ്പൽ നിർമ്മാണം, കോംപണന്റ് സപ്ലൈ, ഇൻഷുറൻസ്, ലീസിംഗ്, ബങ്കറിംഗ് സേവനങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന പദ്ധതികളാണിത്. പദ്ധതിക്കായുള്ള സ്ഥലങ്ങൾ അന്തിമമാക്കിയിട്ടുണ്ടെന്ന് യൂണിയൻ ഷിപ്പിംഗ് സെക്രട്ടറി ടി.കെ. രാമചന്ദ്രൻ പറഞ്ഞു.
ഏകദേശം 2 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതി 6 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 2026 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ, കപ്പൽ നിർമ്മാണത്തെ പിന്തുണയ്ക്കുന്നതിനായി കേന്ദ്രം 25,000 കോടി രൂപയുടെ സമുദ്ര വികസന ഫണ്ട് വകയിരുത്തിയിരുന്നു. മാരിടൈം ഇന്ത്യ വിഷൻ 2030, വിഷൻ 2047 തുടങ്ങിയവയിലൂടെ ഇന്ത്യയുടെ ആഗോള കപ്പൽനിർമാണ റാങ്കിംഗ് 2030ഓടെ മികച്ച 10 സ്ഥാനങ്ങളിലേക്കും 2047ഓടെ മികച്ച 5 സ്ഥാനങ്ങളിലേക്കും ഉയർത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.