വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റാൻ വമ്പൻ പദ്ധതി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള 50 കോടി രൂപയുടെ ഹാങ്ങർ ആണ് വരുന്നത്. സിയാലിന്റെ ഉപ കമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസ് ലിമിറ്റഡാണ് (CIASL) പദ്ധതി നടപ്പാക്കുക.

വിമാന അറ്റകുറ്റപ്പണികൾക്കായി മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) ഹാംഗർ കം കവേർഡ് പാർക്കിംഗ് സൗകര്യത്തിന്റെ നിർമ്മാണത്തിനുള്ള ശിലാസ്ഥാപന ചടങ്ങ് സിഐഎഎസ്എൽ ചെയർമാൻ എസ്. സുഹാസ് കഴിഞ്ഞ ദിവസം നിർവഹിച്ചു. കൊച്ചി എയർപോർട്ടിൽ നിർമിക്കുന്ന മൂന്നാമത്തെ ഹാങ്ങറാണിത്. 53,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ഹാംഗർ എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും.

സിഐഎഎസ്എല്ലിന്റെ നിർദിഷ്ട ബിസിനസ് പാർക്കിന് സമീപമാണ് ഹാംഗർ നിർമാണം. ഹാങ്ങറിനോടു ചേർന്ന് 7000 ചതുരശ്ര അടിയിൽ പ്രത്യേക ഓഫീസ്, വർക്ക്ഷോപ്പ്, കംപോണന്റ് റിപ്പെയറിങ്, നോൺ-ഡിസ്ട്രക്ടീവ് ടെസ്റ്റിങ് സൗകര്യം എന്നിവയും ഒരുക്കും. കേരളത്തിനു പുറമേ നാഗ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രങ്ങളുള്ളത്. കേരളത്തിൽ കൊച്ചിക്കു പുറമേ തിരുവനന്തപുരത്തും എംആർഒ സംവിധാനമുണ്ട്.

നാരോ-ബോഡി വാണിജ്യ വിമാനങ്ങൾക്കു പുറമേ ബിസിനസ് ജെറ്റുകൾ, ഹെലികോപ്റ്ററുകൾ, സീപ്ലെയിനുകൾ തുടങ്ങിയവയ്ക്കും സേവനം നൽകുന്നതിനായാണ് കൊച്ചിയിലെ ഹാങ്ങർ രൂപകൽപ്പന. ഇന്ത്യയുടെ വിമാന മെയിന്റനൻസ് ആവശ്യങ്ങൾക്ക് നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം. നിരവധി ഇന്ത്യൻ വിമാനക്കമ്പനികൾ സിംഗപ്പൂർ, യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളിലെ അന്താരാഷ്ട്ര സൗകര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയ്ക്കുള്ളിൽ ഉയർന്ന നിലവാരമുള്ള എംആർഒ പരിഹാരം വാഗ്ദാനം ചെയ്യുകയാണ് കൊച്ചിയിലെ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. സിഐഎഎസ്എല്ലിന്റെ എംആർഒ ശേഷി ഇരട്ടിയാക്കുന്ന പദ്ധതി ആഭ്യന്തര, വിദേശ വിമാനക്കമ്പനികൾക്ക് സേവനം നൽകുന്നതിലൂടെ ദക്ഷിണേഷ്യയിലെ മുൻനിര എംആർഒ കേന്ദ്രമായി കൊച്ചിയെ മാറ്റും.

കേരളത്തിൽ സമ്പൂർണ്ണ വ്യോമയാന ആവാസവ്യവസ്ഥ സ്ഥാപിക്കുക ദൗത്യത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് സിഐഎഎസ്എൽ ചെയർമാൻ എസ്. സുഹാസ് പറഞ്ഞു. പുതിയ പദ്ധതി ആയിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കും. രണ്ടാം ഘട്ടത്തിൽ 150 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ്.ജെ.പൂവാട്ടിൽ പറഞ്ഞു.

3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള കേരളത്തിലെ ആദ്യത്തെ കവേർഡ് എയർക്രാഫ്റ്റ് പാർക്കിംഗ് സൗകര്യവും പദ്ധതിയുടെ ഭാഗമായി വരും. 13 നാരോ-ബോഡി വിമാനങ്ങളെ വരെ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണിത്. വിമാനങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിൽ ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ നിർണായകമാണ്. സ്വകാര്യ ജെറ്റുകൾക്കും ബിസിനസ് വിമാനങ്ങൾക്കും കൂടുതൽ സ്വകാര്യതയും സുരക്ഷയും നൽകുന്ന കവേർഡ് എയർക്രാഫ്റ്റ് പാർക്കിംഗ് സൗകര്യം കൊച്ചിയെ കോർപ്പറേറ്റ്, ചാർട്ടർ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആകർഷകമായ ഇടമാക്കി മാറ്റും.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version