ഇലക്ട്രോണിക് മാലിന്യങ്ങൾ (e-waste) സുരക്ഷിതമായി സംസ്കരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നീക്കവുമായി കേരളം. ഇ–മാലിന്യ ശേഖരണയജ്ഞത്തിലൂടെ സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് വിലനൽകി ഇ-വേസ്റ്റ് ശേഖരിക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.

തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകർമസേനാംഗങ്ങളാണ് ഇ-വേസ്റ്റ് ശേഖരിക്കുന്നത്. ഇ–മാലിന്യ ശേഖരണയജ്ഞത്തിന്റെ ആദ്യഘട്ടമായി നഗരസഭകളിലാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കുന്നതിനായാണ് സംസ്ഥാന സർക്കാർ പുതിയ യജ്ഞം ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയിലൂടെ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി (CKCL) നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വില ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയ നിർമാർജനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ തദ്ദേശവകുപ്പു മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ക്ലീൻ കേരളയുടെ നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്‌കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇ-വേസ്റ്റ്. ഉപയോഗശൂന്യമായതും റീസൈക്ലിങ്ങിന് യോഗ്യമായതുമായ സിആർടി ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്‌സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പിസിബി ബോർഡുകൾ, സ്പീക്കർ, ഹെഡ്ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാമ്പ് തുടങ്ങിയവയാണ് ഇ–മാലിന്യ ശേഖരണയജ്ഞത്തിലൂടെ ശേഖരിക്കുക.

Kerala begins paid e-waste collection from homes and institutions to promote safe recycling and scientific disposal statewide.

Ask ChatGPT

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version