സഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാറിനെ തേടി അന്താരാഷ്ട്ര പദവിയെത്തുകയാണ്. ഡിസംബറിൽ മൂന്നാറിനെ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കും. മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക, കാർബൺ രഹിത ടൂറിസം നടപ്പാക്കുക, വനിതാ സ്ത്രീ സൗഹൃദ ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുക എന്നിവ അടങ്ങുന്നതാണ് പദ്ധതി. ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക. മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കാനും നാട്ടുകാർക്ക് തൊഴിൽ ലഭ്യമാക്കാനുമാണ് പദ്ധതി.
അടുത്തിടെയാണ് ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക, കാർബൺ രഹിത ടൂറിസം നടപ്പാക്കുക, വനിതാ സ്ത്രീ സൗഹൃദ ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു.
കൈത്തൊഴിലുകൾ, കലകൾ, കരകൗശല വിദ്യ, നാടൻ ഭക്ഷണം തുടങ്ങിയവയുമായി കോർത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമാക്കും. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും.ആർടി യൂണിറ്റ് പ്രതിനിധികൾ, കമ്മ്യൂണിറ്റി ടൂർ ലീഡർ, ഹോംസ്റ്റേകൾ, ഫാം/അഗ്രി ടൂറിസം, സർവീസ്ഡ് വില്ല, പാചകരീതി എന്നിവയിലുള്ള പരിശീലനവും നൽകും.
കഴിഞ്ഞ മാസം പുറത്തിറക്കിയ കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ റിപ്പോർട്ടിൽ 92.97% മാർക്കാണ് ഇരവികുളം ദേശീയോദ്യാനം കരസ്ഥമാക്കിയത്. ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനവും ഒന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ 438 സംരക്ഷിത വനമേഖലകളിൽ ഐയുസിഎൻ-ഡബ്ല്യൂസിപിഎ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് കേരളം 76.22% സ്കോർ നേടി ദേശീയ തലത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത്. 90.63 ശതമാനം സ്കോർ നേടി മൂന്നാർ വന്യജീവി ഡിവിഷനിലെ മതികെട്ടാൻചോല ദേശീയോദ്യാനവും 89.84 സ്കോർ നേടി. ചിന്നാർ വന്യജീവി സങ്കേതവും മികച്ചസംരക്ഷിത വന മേഖലയായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയിലിടം നേടി.