വർഷങ്ങൾ നീണ്ട ഊഹോപോഹങ്ങൾക്ക് ശേഷം ഇലോൺ മസ്കിന്റെ (Elon Musk) നേതൃത്വത്തിലുള്ള ആഗോള ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല (Tesla) ഇന്ത്യയിൽ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം കഴിഞ്ഞ ദിവസം മുംബൈയിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ ഇന്ത്യാപ്രവേശനത്തിൽ ടെസ്‌ലയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ മഹീന്ദ്ര ഗ്രൂപ്പ് (Mahindra Group) ചെയർമാൻ ആനന്ദ് മഹീന്ദ്ര (Anand Mahindra).

ടെസ്‌ലയെ ഇന്ത്യൻ വിപണിയിലേക്ക് ക്ഷണിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര 2017ൽ ചെയ്ത ട്വീറ്റ് റീഷെയർ ചെയ്താണ് അദ്ദേഹം ഇപ്പോൾ ടെസ്‌ലയുടെ ഇന്ത്യാപ്രവേശനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. “ടെസ്‌ലയ്ക്കും മസ്ക്കിനും ഇന്ത്യയിലേക്ക് സ്വാഗതം. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഇവി അവസരം ഇപ്പോൾ കൂടുതൽ ആവേശകരമാകുന്നു. നവീകരണമാകട്ടെ നയിക്കുന്നത്, അതിനായി പാതയെത്രയോ നീണ്ടു കിടക്കുന്നു. ചാർജിങ് സ്റ്റേഷനുകളിൽ കണ്ടുമുട്ടാം”-ടെസ്‌ലയെ സ്വാഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലെ പ്രമുഖ നാമം കൂടിയാണ് മഹീന്ദ്ര. മഹീന്ദ്രയ്ക്ക് ടെസ്‌ലയുടെ വരവ് ഭീഷണിയാകുമെന്നും തിരിച്ച് ടെസ്‌ലയ്ക്ക് മഹീന്ദ്രയുടെയത്ര വിലക്കുറവിൽ മികച്ച ഇലക്ട്രിക് വാഹനം ഇന്ത്യയിൽ എത്തിക്കാൻ പാടുപെടേണ്ടി വരും എന്നുമുള്ള വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിലാണ് മഹീന്ദ്ര ചെയർമാന്റെ ‘ടെസ്‌ലയാശംസ’ ശ്രദ്ധയാകർഷിക്കുന്നത്. വിൻ ഫോർ ഇന്നൊവേഷൻ എന്ന തത്വത്തിലുള്ള മഹീന്ദ്രയുടെ പ്രവർത്തനമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.

2017ലെ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് ഇന്ത്യയിൽ ഇലക്ട്രിക് കാറുകളെത്താൻ 2030 എങ്കിലും ആകും എന്ന് മസ്ക് മറുപടി നൽകിയതും ആനന്ദ് മഹീന്ദ്രയുടെ റീഷെയറിൽ കാണാം. എന്നാൽ മസ്കിന്റെ പ്രവചനം തെറ്റിയെന്നും, അതിനും എത്രയോ മുൻപേ ഇന്ത്യൻ ഇലക്ട്രിക് വാഹനവിപണി കരുത്താർജ്ജിച്ചു എന്നുമുള്ള പരോക്ഷ കുത്തൽ കൂടി ട്വീറ്റിലുണ്ട് എന്ന് ചില നെറ്റിസൺസ് പറയുന്നു.

അതേസമയം മുംബൈ ബാന്ദ്ര–കുർള കോംപ്ലക്സിലാണ് (BKC) ടെസ്‌ല ഷോറൂം ആരംഭിച്ചിരിക്കുന്നത്. 4000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിൽ ഇലക്ട്രിക് മിഡ്സൈസ് എസ് യുവിയായ മോഡൽ വൈയാണ് (Model Y – Electric Midsize SUV) പ്രദർശിപ്പിക്കുക. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ രണ്ടാമത്തെ ഷോറൂം തുറക്കുമെന്നും റിപ്പോർട്ടുണ്ട്. രണ്ടു മോഡലുകളിലായാണ് ടെസ്‌ല മോഡൽ വൈ ഇന്ത്യയിലെത്തിക്കുന്നത്. റിയർ വീൽ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപ, ലോങ് റേഞ്ച് റിയർവീൽ ഡ്രൈവിന് 67.89 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. ബേസ് മോഡലിന്റെ ഓൺറോഡ് വില 61 ലക്ഷത്തിനടുത്ത് വരും. ലോങ് റേഞ്ച് മോഡലിന് 70 ലക്ഷത്തോളം രൂപയാണ് ഓൺറോഡ് പ്രൈസ് വരുന്നത്.

Tesla opens first India showroom in Mumbai. Anand Mahindra welcomes Musk, recalling his 2017 tweet inviting Tesla.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version