ഇലോൺ മസ്‌കിന്റെ (Elon Musk) ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് (Starlink) ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടൊപ്പം കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും കമ്പനിയെ വേറെ ലെവലാക്കാനുമുള്ള നിരവധി പ്രവർത്തനങ്ങളും ഇലോൺ മസ്ക് നടത്തുന്നുണ്ട്.
വലിയ നവീകരണങ്ങൾക്കാണ് സ്റ്റാർലിങ്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ന്യൂ ജനറേഷൻ സാറ്റലൈറ്റുകൾ വിക്ഷേപിക്കും. ഈ സാറ്റലൈറ്റ് സഹായത്തോടെ സ്റ്റാർലിങ്ക് നെറ്റ്‌വർക്കിന്റെ വേഗത 10 മടങ്ങിലേറെയാകും. ഔദ്യോഗികമായി കമ്പനി ഇതിനെ Starlink 3.0 എന്നു വിളിക്കുന്നില്ലെങ്കിലും ഫലത്തിൽ രണ്ടാം ഘട്ടം കടന്നു മൂന്നാം ഘട്ടത്തിലേക്കുള്ള സ്റ്റാർലിങ്കിന്റെ കടന്നുവരവായാണ് മാറ്റം വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനകം 100ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് നിലവിൽ ലോകമെമ്പാടുമായി ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ഉള്ളത്. ഇന്ത്യയിലേക്കുള്ള വരവിലും ഉൾപ്രദേശങ്ങളിൽ കൂടുതൽ സേവനം എത്തിക്കുന്നതിലുമെല്ലാം സ്റ്റാർലിങ്കിന്റെ നവീകരണം കരുത്ത് പകരും എന്നാണ് വിലയിരുത്തൽ.
അതേസമയം, സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധർ സമ്മിശ്ര വിശകലനങ്ങളാണ് നടത്തുന്നത്. സാങ്കേതികവിദ്യയുടെ സാമ്പത്തിക സാധ്യതയ്ക്കൊപ്പം റിലയൻസ് ജിയോ (Reliance Jio), ഭാരതി എയർടെൽ (Bharti Airtel) തുടങ്ങിയവയുടെ ഹോം ബ്രോഡ്‌ബാൻഡ് സേവനങ്ങളെ സ്റ്റാർലിങ്കിന്റെ വരവ് എങ്ങനെ ബാധിക്കും എന്നതാണ് ചർച്ചയാകുന്നത്. ഉൾപ്രദേശങ്ങളിൽ ഇന്റർനെറ്റ് നൽകുന്നതിൽ സ്റ്റാർലിങ്കിന്റെ കടന്നുവരവ് നിർണായകമാകാമെങ്കിലും ഉയർന്ന ചിലവും ഡയറക്ട്-ടു-സെൽ (D2C) സേവനങ്ങൾക്കുള്ള നിലവിലെ സാങ്കേതിക പരിമിതികളും കാരണം ജിയോ, എയർടെൽ പോലുള്ളവയെ സ്റ്റാർലിങ്ക് അടുത്ത കാലത്തൊന്നും ബാധിക്കാൻ ഇടയില്ല എന്നാണ് വിലയിരുത്തൽ. സ്റ്റാർലിങ്ക് സേവന വിതരണത്തിനായി ഈ കമ്പനികൾ കരാറുകൾ പോലും നേടിയിട്ടുണ്ടെന്നും ഇത് മത്സരം എന്നതിനപ്പുറം പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനത്തിന്റെ തെളിവാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Elon Musk’s Starlink prepares for India launch with next-gen satellites, promising 10x faster speeds. Experts weigh market impact.