ഇന്ത്യയുടെ കണ്ടെയ്നർ കൈകാര്യം ചെയ്യൽ ശേഷിയിൽ 23.2 ദശലക്ഷം TEU വർധന സൃഷ്ടിക്കാനാണ് മഹാരാഷ്ട്രയിലെ വാധ്വൻ തുറമുഖം (Vadhavan Port) ഒരുങ്ങുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ (IMEC) സ്ഥിതി ചെയ്യുന്ന പ്രധാന നിർമാണമാണ് നിർദിഷ്ട വാധ്വൻ തുറമുഖ പദ്ധതി. അതുകൊണ്ടുതന്നെ പ്രമുഖ ആഗോള സമുദ്ര കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താൻ തുറമുഖത്തിനാകും. തുറമുഖ വികസനത്തിൽ വൻ സാധ്യതകൾ പ്രതീക്ഷിക്കുന്ന വാധ്വൻ തുറമുഖ പദ്ധതിക്ക് നേരത്തെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. മുംബൈ നഗരത്തിൽനിന്ന് 140 കിലോമീറ്റർ അകലെ പാൽഘർ ജില്ലയിലാണ് തുറമുഖം നിർമിക്കുന്നത്. 76220 കോടി രൂപയാണ് വാധ്വൻ തുറമുഖ നിർമാണത്തിനായി ചിലവ് പ്രതീക്ഷിക്കുന്നത്.

തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പദ്ധതി പ്രാദേശിക നൈപുണ്യ വികസനത്തിനും തൊഴിൽ സൃഷ്ടിക്കുന്നതിനും നിർണായകമാകുമെന്ന് വാധ്വൻ തുറമുഖ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കവേ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ (Sarbananda Sonowal) പറഞ്ഞു. ഇതിനായി പ്രാദേശികമായി വിദ്യാഭ്യാസവും പരിശീലനവും പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി വാധ്വൻ പോർട്ട് പ്രോജക്ട് ലിമിറ്റഡും (VPPL) യശ്വന്ത്റാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ യൂണിവേഴ്സിറ്റിയും (YCMOU) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി മന്ത്രി പറഞ്ഞു. സമുദ്ര പരിശീലന സ്ഥാപനങ്ങൾ വഴി തദ്ദേശവാസികൾക്കായി നൈപുണ്യ വികസന പരിശീലനം നൽകുന്നതിന് ജവഹർലാൽ നെഹ്റു തുറമുഖ അതോറിറ്റിയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും തമ്മിലും ധാരണാപത്രത്തിൽ ഒപ്പുവെച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
The ₹76,220 crore Vadhavan Port is set to boost India’s container capacity by 23.2 million TEU, strengthening its global maritime position on the IMEC.