തമിഴ്നാട്ടിൽ വിവിധയിടങ്ങളിലായി 4900 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തൂത്തുക്കുടി വിമാനത്താവളത്തിലെ (Thoothukudi airport) പുതിയ ടെർമിനലും വിപുലീകരിച്ച റൺവേയും അടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

17340 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനലാണ് തൂത്തുക്കുടി വിമാനത്താവളത്തിൽ നിർമിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ തൂത്തുക്കുടി വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം പ്രതിവർഷം 20 ലക്ഷമായി വർധിപ്പിക്കാനാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചെട്ടിനാട് ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് പുതിയ ടെർമിനൽ.
1,350 മീറ്റർ നീളമുള്ള റൺവേ 3,115 മീറ്ററായി വികസിപ്പിച്ചു. A320s, A321s പോലുള്ള വൈഡ് ബോഡി വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നൈറ്റ് ലാൻഡിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 21 ചെക്ക്-ഇൻ കൗണ്ടറുകൾ, 7 ബാഗേജ് സ്കാനറുകൾ, 3 എയ്റോബ്രിഡ്ജുകൾ, 644 സീറ്റുകൾ, ഫീഡിംഗ് റൂം, ഐസൊലേഷൻ ഏരിയകൾ, 5 വിമാന പാർക്കിംഗ് ബേകൾ, പൂർണ്ണമായും സജ്ജീകരിച്ച ഫയർ സ്റ്റേഷൻ തുടങ്ങിയവയുടെ നിർമാണവും പൂർത്തിയായി. മുൻപ് മണിക്കൂറിൽ 156 യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന വിമാനത്താവളത്തിന് വികസനത്തോടെ മണിക്കൂറിൽ 1,400 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാനാകും.
തൂത്തുക്കുടിയിലെ വിഒസി തുറമുഖത്ത് (VOC Port) ₹285 കോടി ചിലവിൽ നിർമിച്ച നോർത്ത് കാർഗോ ബെർത്തിംഗ് സൗകര്യം, സേതിയതോപ്പിൽ 2357 കോടി രൂപ ചിലവിൽ നിർമിച്ച പാത, വിഒസി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ആറുവരി പാത തുടങ്ങിയവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മറ്റ് പദ്ധതികൾ.
PM Modi inaugurated ₹4900 crore worth of projects in Tamil Nadu, including Thoothukudi airport’s new terminal and expanded runway, and key port infrastructure.