റൺവേയിലൂടെ എന്തോടും? സാധാരണ ഗതിയിൽ വിമാനമാണ് ഓടേണ്ടത്. എന്നാൽ അസാധാരണ ഗതിയാണ് ന്യൂസിലാൻഡിലെ ഒരു വിമാനത്താവളത്തിന്. ഫ്ലൈറ്റിനൊപ്പം ട്രെയിനും ഓടുന്ന റൺവേയുമായാണ് ഗിസ്ബോൺ വിമാനത്താവളം (Gisborne Airport) ശ്രദ്ധേയമാകുന്നത്. മെയിൻ റൺവേയുടെ നടുവിലൂടെ റെയിൽ ലൈൻ പോകുന്ന ലോകത്തിലെ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നുകൂടിയാണ് ഗിസ്ബോണിലേത്. മാത്രമല്ല ഇത്തരം സർവീസുള്ള ലോകത്തിലെ ഏക കൊമേഴ്സ്യൽ വിമാനത്താവളം കൂടിയാണിത്.
160 ഹെക്ടറിലുള്ള വിമാനത്താവളം പാൾമർസ്റ്റൺ-നോർത്ത് ഗിസ്ബോൺ റെയിൽവേ ലൈനിന്റെ ഭാഗം കൂടിയാണ്. രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് ഇതിലൂടെയുള്ള ട്രെയിൻ-ഫ്ലൈറ്റ് സേവനങ്ങൾ. ചിലപ്പോൾ ട്രെയിനുകൾ കടന്നു പോകുന്ന സമയത്ത് വിമാനസമയം ക്രമീകരിക്കേണ്ടി വരാറുണ്ട്, മറിച്ചും സംഭവിക്കാറുണ്ട്. സമയക്രമീകരണം തുല്യമാക്കുന്നതിനു വേണ്ടി എയർപോർട്ട് തന്നെയാണ് ഇവിടെയുള്ള റെയിൽവേ സിഗ്നലും കൺട്രോൾ ചെയ്യുന്നത്.

മുൻപ് ഓസ്ട്രേലിയയിലെ വിൻയാർഡ് വിമാനത്താവളത്തിൽ (Wynyard Airport) ഇത്തരത്തിലുള്ള റെയിൽ-ഫ്ലൈറ്റ് സേവനം ഒരുമിച്ചു കൊണ്ടുപോകുന്ന സംവിധാനം ഉണ്ടായിരുന്നു. എന്നാൽ 2005ൽ ഇത് നിർത്തലാക്കുകയായിരുന്നു. യാത്രക്കാർക്ക് ഇത് കൗതുകമാണെങ്കിലും എയർപോർട്ട്-റെയിൽവേ അധികൃതർക്ക് കൃത്യമായ സമയക്രമീകരണവും മറ്റുമായി ഇത്തരം പദ്ധതികൾ പൊല്ലാപ്പ് സൃഷ്ടിക്കുന്നു.
Discover New Zealand’s Gisborne Airport, the world’s only commercial airport where an active railway line crosses the main runway, requiring unique coordination.