കഴിഞ്ഞ വർഷമാണ് മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആർടിസി സംസ്ഥാനതലത്തിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഡ്രൈവിങ് സ്‌കൂൾ എന്ന സവിശേഷതയോടെ ആയിരുന്നു കെഎസ്ആർടിസി ഹെവി വെഹിക്കിൾ പരിശീലനത്തിൽ അടക്കമുള്ള ഡ്രൈവിങ് സ്കൂൾ ആരംഭിച്ചത്. ഒരു വർഷത്തിനിപ്പുറം സ്ത്രീകളെയും പ്രൊഫഷണലുകളെയും ഒരുപോലെ ശാക്തീകരിച്ച് കെഎസ്ആർടിസിയുടെ ഹെവി വെഹിക്കിൾ ലൈസൻസ് പ്രോഗ്രാം മാതൃകയായി മാറിയിരിക്കുന്നു.

സ്വകാര്യ ഡ്രൈവിംഗ് സ്ഥാപനങ്ങളിലെ ചൂഷണം തടയുക എന്നതായിരുന്നു കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിന്റെ പ്രധാന ലക്ഷ്യം. പരിചയസമ്പന്നരായ കെഎസ്‌ആർടിസി ഇൻസ്ട്രക്ടർമാരാണ് പരിശീലം നൽകുന്നത് എന്നതാണ് ഡ്രൈവിങ് സ്കൂളിന്റെ പ്രത്യേകത. ആധുനിക സൗകര്യങ്ങളോടും കൂടിയ ഡ്രൈവിങ് സ്‌കൂളിലൂടെ വാണിജ്യ ഡ്രൈവിങ്ങിൽ മുൻപരിചയമില്ലാത്തവർക്ക് ഹെവി വെഹിക്കിൾ വൈദഗ്ധ്യം, ലൈസൻസുകൾ, സുരക്ഷാ വിദ്യാഭ്യാസം എന്നിവയാൽ സജ്ജരാക്കുന്നു. സ്ത്രീകളടക്കം നിരവധി പേരാണ് കെഎസ്ആർടിസിയുടെ ഹെവി വെഹിക്കിൾ ലൈസൻസ് പ്രോഗ്രാം വഴി ഇതിനകം പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.
ഒരു മാസത്തെ പരിശീലന കോഴ്‌സിന് എല്ലാ പരീക്ഷാ, പരിശീലന ചാർജുകളും ഉൾപ്പെടെ ₹9,000 ആണ് ഫീസ് ഈടാക്കുന്നത്. മറ്റ് ഡ്രൈവിങ് സ്കൂളുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ തുക കുറവാണ്. പട്ടികജാതി, പട്ടികവർഗ (SC/ST) വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഫീസ് ഇനത്തിൽ ഇളവുമുണ്ട്. ലൈസൻസ് കൈവശമുള്ളവരും എന്നാൽ പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കാൻ അധിക തയ്യാറെടുപ്പ് ആവശ്യമുള്ളവരുമായവർക്ക് അധിക കോഴ്സും ലഭ്യമാണ്. 5000 രൂപയാണ് ഇതിന് ഫീസ് വരിക. മാസ്റ്റർ ട്രെയിനർമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, സർട്ടിഫൈഡ് മെക്കാനിക്കൽ എഞ്ചിനീയർമാർ എന്നിവർ ചേർന്ന് പാഠ്യപദ്ധതിയുടെ ഭാഗമായി ഡെമോൺസ്ട്രേഷൻ ക്ലാസുകൾ നടത്തുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങളും പഠന സഹായികളും ഘടിപ്പിച്ച നന്നായി പരിപാലിക്കുന്ന കെഎസ്ആർടിസി ബസുകളാണ് പരിശീലന വാഹനങ്ങളായി ഉപയോഗിക്കുന്നത്.
KSRTC’s affordable heavy vehicle license program is empowering women and professionals, offering expert training and a pathway to commercial driving.