സംസ്ഥാനത്തെ ഹരിതകർമ സേനയുടെ (HKS) അധികവരുമാനം ലക്ഷ്യമിട്ടുള്ള വമ്പൻ സംരംഭക പദ്ധതി യാഥാർഥ്യമാകുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) നേതൃത്വത്തിൽ ലോകബാങ്ക് (World Bank) സഹായത്തോടെ പ്രവർത്തിക്കുന്ന ഹരിതകർമസേനാ സംരംഭകത്വ വികസന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാനത്തെ 93 നഗരസഭകളിലെ ഏഴായിരത്തോളം വരുന്ന ഹരിതകർമസേനാംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. 24 കോടി രൂപ ചിലവിൽ ഒരുക്കുന്ന പദ്ധതിയിലുൾപ്പെടുത്തി ഹരിതകർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.
തുണിസഞ്ചി, ജൈവവളം, ചവിട്ടി, ഇനോകുലം തുടങ്ങിയവയുടെ ഉത്പാദനയൂണിറ്റുകൾ, സ്‌ക്രാപ്പ് വ്യാപാരം, സാനിറ്ററി വേസ്റ്റ് ശേഖരണ യൂണിറ്റ് എന്നിങ്ങനെ വിവിധ സംരംഭങ്ങളാണ് ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ ഒരുങ്ങുക. മികച്ച സംരംഭങ്ങൾ ഉറപ്പാക്കുന്നതിനായി കിലയും (KILA) മറ്റ് ഏജൻസികളും ഹരിതകർമ്മസേനാംഗങ്ങൾക്ക് പരിശീലനം നൽകും. അധികവരുമാനത്തിലൂടെ ഹരിതകർമ്മസേനയെ സ്വയംപര്യാപ്തരാക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിടുന്ന പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭാതലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. സാങ്കേതികസഹായത്തിനായി കെഎസ്ഡബ്ല്യുഎംപിയുടെ (KSWMP) ഏജൻസികളുടേയും ജില്ലാതല യൂണിറ്റുകളുടേയും പൂർണസമയപ്രവർത്തനവും തുടർസാമ്പത്തികസഹായവും ഉറപ്പാക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 14ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ആന്തൂർ നഗരസഭയിലാണ് ചടങ്ങ്. നഗരസഭയിലെ ഭൂമിക (Bhoomika) ഹരിതകർമസേനാ കൺസോർഷ്യം ജൈവമാലിന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ജൈവവള നിർമ്മാണ-വിപണന യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും ഭരണാനുമതി ലഭിച്ച 19 നഗരസഭകളിലെ സംരംഭങ്ങൾക്കുള്ള ധനാനുമതി പത്രം കൈമാറലും ചടങ്ങിൽ മന്ത്രി നിർവഹിക്കും. അടൂർ, വർക്കല, ആറ്റിങ്ങൽ, പുനലൂർ, ചേർത്തല, തൊടുപുഴ, കൂത്താട്ടുകുളം , മരട്, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, പട്ടാമ്പി, പാലക്കാട്, പെരിന്തൽമണ്ണ, കൊയിലാണ്ടി, മുക്കം, ആന്തൂർ, നീലേശ്വരം , സുൽത്താൻ ബത്തേരി, ഗുരുവായൂർ എന്നീ നഗരസഭകൾക്കാണ് ധനാനുമതി പത്രം കൈമാറുക.
Kerala is launching an entrepreneurship project for its Haritha Karma Sena, supported by the World Bank, to boost their income and livelihood.