കലൂർ ജെഎൽഎൻ സ്റ്റേഡിയം–കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോ പിങ്ക് ലൈൻ (Pink Line) രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുന്നതിനിടെ, എസ്കലേറ്ററും ലിഫ്റ്റുകളും സ്ഥാപിക്കുന്നതിനുള്ള കരാറിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ടെൻഡർ ക്ഷണിച്ചു.
പദ്ധതിയുടെ ഭാഗമായി ഹെവി ഡ്യൂട്ടി എസ്കലേറ്ററുകളും എലിവേറ്ററുകളും രൂപകൽപന ചെയ്യുക, നിർമ്മിക്കുക, വിതരണം ചെയ്യുക, ഇൻസ്റ്റാളേഷൻ, പരിശോധന, കമ്മീഷനിംഗ് എന്നിവ നടത്തുക തുടങ്ങിയവയാണ് കരാറിൽ ഉൾപ്പെടുക. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 11 ആണ്.
1141.32 കോടി രൂപയ്ക്ക് അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറാണ് (Afcons Infrastructure) പിങ്ക് ലൈനിന്റെ നിർമ്മാണം നടത്തുന്നത്. ജെഎൽഎൻ സ്റ്റേഡിയത്തെ കാക്കനാടുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയിലെ ആദ്യത്തെ അഞ്ച് സ്റ്റേഷനുകളുടെ നിർമാണം 2026 ജൂൺ 30നകം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.