ഓൺലൈൻ ഗെയിമിംഗ് മേഖലയിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്ന പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബിൽ (Promotion and Regulation of Online Gaming Bill, 2025) പാസ്സാക്കി ലോക്സഭ. ഓൺലൈൻ ഗെയിമിംഗ് മേഖലയിലെ ചില ഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, റിയൽ മണി ഗെയിമിംഗിനെ നിയന്ത്രിക്കുകയും ചെയ്യുന്നതിനാണ് പുതിയ ബിൽ. ഓൺലൈൻ ഗെയിമിംഗിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടുന്ന ബിൽ റിയൽ മണി ഗെയിമിംഗ്, ഓൺലൈൻ ബെറ്റിംഗ് എന്നിവയ്ക്ക് കർശന നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ലോട്ടറികൾ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ചില റിയൽ മണി ഗെയിമുകൾ ഈ പരിധിയിൽ വരാം. ബിൽ പ്രകാരം സെലിബ്രിറ്റികൾ ഓൺലൈൻ ഗെയിമിംഗ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം, സാമൂഹിക, വിദ്യാഭ്യാസ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള ഇ-സ്പോർട്സ് മേഖലയ്ക്ക് ബിൽ അംഗീകാരം നൽകുന്നു.

ഓൺലൈൻ റിയൽ മണി ഗെയിമുകളിൽ പ്രതിവർഷം 45 കോടി ആളുകൾക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. നഷ്ടത്തിന്റെ ആകെ ആഘാതം താൽക്കാലികമായി ഏകദേശം 20,000 കോടി രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഓൺലൈൻ റിയൽ മണി ഗെയിമിംഗ് പ്രധാന പ്രശ്നമാണെന്ന് സർക്കാർ മനസിലാക്കിയിട്ടുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകി വരുമാന നഷ്ടം ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റിയൽ മണി ഗെയിം പ്ലാറ്റ്‌ഫോമുകൾക്കാണ് നിയമപരമായ നിയന്ത്രണങ്ങൾ ബാധകമാകുക. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് സേവനം നൽകുന്നതും പരസ്യം ചെയ്യുന്നതും പിഴയും തടവും ലഭിക്കാവുന്ന കുറ്റമാക്കും. ബിൽ നിയമമാകുന്നതോടെ രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാമെന്നും സാമ്പത്തിക തട്ടിപ്പുകൾ കുറയ്‌ക്കാമെന്നുമാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് വിലക്ക് ഏർപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ് മേഖല വ്യാപകമാകുന്നതും വ്യാജ വാഗ്‌ദാനങ്ങളിൽ സാധാരണക്കാർ വീഴുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവരാൻ ഗവൺമെന്റ് തീരുമാനിച്ചത്. ഓൺലൈൻ ഗെയിമിംഗിലൂടെ യുവാക്കളും സാമ്പത്തികമായി ദുർബലരായവരും നേരിടുന്ന സാമൂഹിക, സാമ്പത്തിക, മാനസിക, ആരോഗ്യ ദോഷങ്ങൾ കുറയ്ക്കാനും ബിൽ ലക്ഷ്യമിടുന്നു. ഓൺലൈൻ മണി ഗെയിമുകൾ, പോക്കർ, ഫാന്റസി സ്പോർട്സ് തുടങ്ങിയ റിയൽ മണി ഗെയിമിംഗുകൾ നിരോധിച്ചതാണ് ബില്ലിലെ പ്രധാന സവിശേഷത. ഇതിനുപുറമേ ഇ-സ്പോർട്സ്, വിദ്യാഭ്യാസ ഗെയിമുകൾ, സോഷ്യൽ ഗെയിമുകൾ എന്നിവയ്ക്ക് അംഗീകാരം ലഭിക്കുന്നതിനും നിയന്ത്രിക്കപ്പെടുന്നതിനും കേന്ദ്ര റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കും.
The Lok Sabha has passed the Promotion and Regulation of Online Gaming Bill, 2025 to curb fraudulent real-money games and promote e-sports.