ദേശീയപാത 544 (NH 544) മണ്ണുത്തി-ഇടപ്പള്ളി പാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി ഹൈക്കോടതി. ദേശീയപാതയുടെ മോശം അവസ്ഥയെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ.വി.മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സെപ്റ്റംബർ 9ന് ഹർജികൾ വീണ്ടും പരിഗണിക്കുന്നതിനാലാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചത് കോടതി നീട്ടിയിരിക്കുന്നത്. ദേശീയപാത 544ലെ തിരക്കേറിയ ഭാഗത്തും, പ്രത്യേകിച്ച് പാലിയേക്കര ടോൾ പ്ലാസയ്ക്ക് ചുറ്റുമുള്ള ഭാഗത്തും ഇടക്കാല ഗതാഗത മാനേജ്മെന്റ് പ്ലാൻ രൂപീകരിക്കുന്നതിനായി പാനൽ രൂപീകരിക്കാനും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
പാലിയേക്കരയിലെ ടോൾ പിരിവ് രണ്ടാഴ്ചത്തേക്ക് നിർത്തിവെയ്ക്കാൻ ഓഗസ്റ്റ് 6ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) മണ്ണുത്തി-ഇടപ്പള്ളി പാതയുടെ മോശം അവസ്ഥയും നിരന്തരമായ ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിർദേശം.
Kerala High Court orders suspension of toll collection at Paliyekkara toll plaza on NH 544 until September 9 due to poor road conditions.