അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി താരിഫുകളും നികുതി പരിഷ്‌കാരങ്ങളും ഇന്ത്യൻ കമ്പനികൾക്ക് മാറി ചിന്തിക്കേണ്ട സാഹചര്യം ഒരുക്കുന്നതായി മുന്നറിയിപ്പ് നൽകി ഇവൈ ഇന്ത്യ (EY India). അമേരിക്കയുടെ താരിഫ്–നികുതി പരിഷ്‌കാരങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുടെ വിദേശ നിക്ഷേപ തന്ത്രങ്ങളിൽ വഴിമാറ്റം അനിവാര്യമാക്കുന്നതായി ഇവൈ ഇന്ത്യയുടെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ സംരംഭങ്ങൾ നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുകയും യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് വ്യാപനം വേഗത്തിലാക്കുകയും ചെയ്യും എന്ന് റിപ്പോർട്ട് പ്രവചിക്കുന്നു.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വിദേശ നിക്ഷേപം 41.6 ബില്യൺ ഡോളർ ആയി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022-23ലെ 22.8 ബില്യൺ ഡോളറിൽ നിന്നും 67.7% വർധനയാണ് ഉണ്ടായത്. ഇതിൽ 11.5% യുഎസ്സിലേക്കായിരുന്നു. എന്നാൽ താരിഫോടു കൂടി ഇതിൽ വെല്ലുവിളികൾ വന്നു. എന്നാൽ പുതിയ ഇറക്കുമതി താരിഫ് ചുമത്തലും വ്യാപകമായ നികുതി പരിഷ്‌കാരവും കമ്പനികൾക്ക് അധിക ചിലവും നിയമസങ്കീർണതയും സൃഷ്ടിക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു.
ഈ വെല്ലുവിളികൾക്ക് പരിഹാരമായി ഇന്ത്യൻ സ്ഥാപനങ്ങൾ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കു കൂടുതൽ നിക്ഷേപം തിരിക്കുമെന്നാണ് ഇവൈ ഇന്ത്യയുടെ വിലയിരുത്തൽ. ഇത് ആഗോള വാല്യു ചെയിൻ പുനക്രമീകരണം, സ്വതന്ത്ര വ്യാപാര ഉടമ്പടികളുടെ പ്രയോജനം, ചിലവുകുറവും സ്ഥിരതയുമുള്ള വിപണികൾക്ക് മുൻഗണന തുടങ്ങിയ തന്ത്രപരമായ പുതുക്കലിന് വഴിവയ്ക്കുമെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.