സ്റ്റാർട്ടപ്പുകളെയും എംഎസ്എംഇകളെയും പിന്തുണയ്ക്കുന്നതിനായി രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ്ബുമായി (Ratan Tata Innovation Hub-RTIH) ആന്ധ്രാ പ്രദേശ്. സംസ്ഥാനത്തിന്റെ ഇന്നൊവേഷൻ, സ്റ്റാർട്ട്-അപ്പ് നയങ്ങൾക്കു അനുസൃതമായി ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിലാണ് (hub-and-spoke model) ആർടിഐഎച്ച് സജ്ജീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് (N. Chandrababu Naidu) ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിക്ക് സമീപമുള്ള രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ്ബും വിശാഖപട്ടണം, വിജയവാഡ, രാജമഹേന്ദ്രവാരം, തിരുപ്പതി, അനന്തപൂർ എന്നിവിടങ്ങളിലെ അഞ്ച് പ്രാദേശിക കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ഓരോ കുടുംബത്തിലും ഒരു സംരംഭകനെ വളർത്തിയെടുക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ് ഇന്നൊവേഷൻ ഹബ്ബ് യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. കോർപ്പറേറ്റ്, വൈജ്ഞാനിക പങ്കാളികളുടെ പിന്തുണയോടെ സംരംഭകർക്ക് ആവശ്യമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർടിഐഎച്ചിനും അതിന്റെ പ്രാദേശിക കേന്ദ്രങ്ങൾക്കും സ്വകാര്യ മേഖല ധനസഹായം നൽകും. ഇതിനുപുറമേ സർക്കാർ സീഡ് മൂലധനത്തിന്റെ ഒരു ഭാഗം എപി ഇന്നൊവേഷൻ സൊസൈറ്റി (APIS) വഴി ഗ്രാന്റുകളായി പദ്ധതിക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ സൺസ് (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ (N. Chandrasekharan), ഭാരത് ഫോർജ് (Bharat Forge) ചെയർമാൻ ബാബ കല്യാണി (Baba Kalyani) തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Andhra Pradesh launched the Ratan Tata Innovation Hub to support startups and MSMEs. The hub-and-spoke model will operate across the state.