ടാറ്റ സൺസിന്റെ (Tata Sons) ഇ-കൊമേഴ്സ് വിഭാഗമായ ടാറ്റ ഡിജിറ്റൽ (Tata Digital) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി മലയാളി സജിത് ശിവാനന്ദൻ (Sajith Sivanandan). ജിയോ മൊബൈൽ ഡിജിറ്റൽ സർവീസസ് (Jio Mobile Digital Services) പ്രസിഡന്റായിരുന്ന സജിത് സെപ്റ്റംബർ ഒന്ന് മുതൽ ടാറ്റ ഡിജിറ്റൽ ചുമതല ഏറ്റെടുക്കും.

ജിയോ മൊബൈലിൽ നിർമിതബുദ്ധി കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ സേവനങ്ങളുടെ വികസന ചുമതലയായിരുന്നു സജിത് വഹിച്ചിരുന്നത്. അതേസമയം, ആമസോൺ (Amazon), ഫ്ലിപ്കാർട്ട് (Flipkart) തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളുമായും ക്വിക് കൊമേഴ്സ് കമ്പനികളായ സെപ്റ്റോ (Zepto), ബ്ലിങ്കിറ്റ് (Blinkit), ഇൻസ്റ്റാമാർട്ട് (Instamart) എന്നിവയുമായും മികച്ച മത്സരത്തിന് കമ്പനിയെ സജ്ജമാക്കുകയാണ് ടാറ്റ ഡിജിറ്റലിൽ സജിത്തിന്റെ ദൗത്യം.
സാങ്കേതികവിദ്യ, മാധ്യമം, ടെലികോം, പേയ്മെന്റുകൾ, കൺസൾട്ടിംഗ് എന്നീ മേഖലകളിൽ ഇന്ത്യയിലും ഏഷ്യൻ പസഫിക് ഏരിയയിലുമായി 30 വർഷത്തിലേറെ പരിചയമുള്ള വിദഗ്ധനാണ് സജിത് ശിവാനന്ദൻ. ജിയോയിൽ എത്തുന്നതിന് മുൻപ് അദ്ദേഹം ഡിസ്നി+ ഹോട്ട്സ്റ്റാർ (Disney+ Hotstar) സിഇഒ ആയിരുന്നു. സ്റ്റാർ ഇന്ത്യയെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വയാകോം 18ൽ ലയിപ്പിച്ചതിനെ തുടർന്ന് 2024ലാണ് സജിത് ശിവാനന്ദൻ ഡിസ്നി ഹോട്ട്സ്റ്റാർ സിഇഒ സ്ഥാനമൊഴിഞ്ഞത്. ഗൂഗിൾ പേ (Google Pay) മാനേജിംഗ് ഡയറക്ടറായും ബിസിനസ് ഹെഡായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
A Malayali, Sajith Sivanandan, is the new CEO of Tata Digital. He joins from his role as Jio Mobile Digital Services President.