വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒൻപത് മാസത്തിനുള്ളിൽ 10 ലക്ഷം TEU (Twenty-foot Equivalent Unit) കൈകാര്യം ചെയ്ത് രാജ്യത്തിന്റെ സമുദ്രചരിത്രത്തിൽ പുതു അധ്യായം രചിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം (Vizhinjam International Seaport). 2024 ഡിസംബർ 3ന് വാണിജ്യ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം, ഇതുവരെ 460ത്തിലധികം കപ്പലുകൾ സ്വീകരിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിൽ 399.99 മീറ്റർ നീളമുള്ള 26 അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകളും (ULCVs) ഉൾപ്പെടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. കരാറനുസരിച്ച് തുറമുഖം ആദ്യവർഷം കൈകാര്യം ചെയ്യേണ്ടത് 1 ദശലക്ഷം TEU ശേഷിയുടെ 30% മാത്രമായിരുന്നുവെന്നും ഇതിനെ വെല്ലുന്ന പ്രകടനമാണ് സാധ്യമായതെന്നും മന്ത്രി വ്യക്തമാക്കി.
അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ലോകോത്തര നേട്ടമാണ് വിഴിഞ്ഞം കൈവരിച്ചിരിക്കുന്നത്. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒൻപത് മാസത്തിനുള്ളിൽ 1 ദശലക്ഷം ടിഇയു കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം. സംസ്ഥാന സർക്കാരിന്റേയും മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളുടെയും സുരക്ഷാ ഏജൻസികളുടേയും ഷിപ്പിങ് കമ്പനികളുടെയും പൂർണ പിന്തുണയും അദാനി വിഴിഞ്ഞം പോർട്ടിന്റെ കാര്യക്ഷമമായ പ്രവർത്തനമികവുമാണ് ഈ നേട്ടം സ്വന്തമാക്കാൻ വഴിയൊരുക്കിയതെന്ന് മന്ത്രി പറഞ്ഞു. കൺസഷൻ കരാർ പ്രകാരം ആദ്യവർഷം ആകെ 3 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നായിരുന്നു കണക്കു കൂട്ടിയിരുന്നത്. അതിന്റെ മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 10.12 ലക്ഷം ടിഇയു ആണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2024 ഡിസംബർ 3നാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2025 ഡിസംബർ ആകുമ്പോഴേക്കും 10 ലക്ഷത്തിന് പകരം നമുക്ക് 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ, 399.99 മീറ്റർ വരെ നീളമുള്ള 27 യുഎൽസിവി ഉൾപ്പെടെ 460ലധികം കപ്പലുകൾ തുറമുഖത്തെത്തി. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ ആയ എംഎസ് സി ഐറിന അടക്കം ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി ബെർത്ത് ചെയ്ത കപ്പലുകളും ഈ കൂട്ടത്തിലുണ്ട്. കൊളംബോ, സിംഗപ്പൂർ, ദുബായ് ഉൾപ്പെടെയുള്ള ലോകോത്തര തുറമുഖങ്ങളുമായി മത്സരിച്ചാണ് വിഴിഞ്ഞം ഈ നേട്ടം സ്വന്തമാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ദക്ഷിണേഷ്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം. 24 ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും 8 സെമി ഓട്ടോമേറ്റഡ് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ കരുത്ത്. അതു കൈകാര്യം ചെയ്യുന്ന തദ്ദേശവാസികളായ വനിതകൾ അടക്കമുള്ള ഓപ്പറേറ്റർമാരുടെ പങ്ക് വലുതാണ്. യൂറോപ്പ്, യുഎസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങാൻ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന്റെ വേഗം കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്തിന്റെ സ്വപ്നതുല്യമായ ഈ നേട്ടം കേരളത്തിനു മാത്രമല്ല, ഇന്ത്യയുടെ സമുദ്ര വാണിജ്യ മേഖലയുടെ പുരോഗതിയുടെ അളവുകോൽ ആയി മാറുകയാണ്. വിദേശ തുറമുഖങ്ങളിൽ നിന്ന് ട്രാൻഷിപ്മെന്റ് നടത്തുന്നതിലൂടെ ചിലവു വന്നിരുന്ന കോടിക്കണക്കിന് രൂപയുടെ അധികച്ചിലവ് കുറയ്ക്കാൻ വിഴിഞ്ഞം വഴിയൊരുക്കി. തുറമുഖത്തിന്റെ റോഡ്, റെയിൽ കണക്ടിവിറ്റി നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
Vizhinjam International Seaport handles 1 million TEUs in nine months, a world-class achievement that marks a new chapter in India’s maritime history.