ഹൈദരാബാദിൽ വമ്പൻ ഓഫീസുമായി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് (Microsoft). ഗച്ചിബൗളിയിലെ ഫീനിക്സ് സെന്റോറസ് കെട്ടിടത്തിൽ 2.64 ലക്ഷം സ്ക്വയർ ഫീറ്റിലാണ് മൈക്രോസോഫ്റ്റിന്റെ പടുകൂറ്റൻ ഓഫീസ്. ഇതിനായി 1.77 കോടി രൂപയാണ് പ്രതിമാസ വാടക. മെയിന്റനൻസ്, പ്രവർത്തനച്ചിലവുകൾ, മറ്റ് ചാർജുകൾ എന്നിവയുൾപ്പെടെ ഓഫീസിന്റെ പ്രതിമാസ ചിലവ് 5.4 കോടി രൂപ വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹൈദരാബാദിൽ മാത്രമല്ല, ഇന്ത്യയിലാകെ മൈക്രോസോഫ്റ്റിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനാണ് പുതിയ നീക്കം. 1998ൽത്തന്നെ മൈക്രോസോഫ്റ്റ് ഹൈദരാബാദിൽ ഇന്ത്യ ഡെവലപ്മെന്റ് സെന്റർ കമ്പനി സ്ഥാപിച്ചിരുന്നു. പിന്നീടത് യുഎസ്സിനു പുറത്തുള്ള മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ആർ ആൻഡ് ഡി കേന്ദ്രമായി മാറി.
എഞ്ചിനീയറിംഗ്, എഐ, ക്ലൗഡ് പ്രോജക്റ്റുകൾ എന്നിവയിലാണ് നിലവിൽ മൈക്രോസോഫ്റ്റ് ഹൈദരാബാദ് ഓഫീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ഓഫീസ് വരുന്നതോടെ കൂടുതൽ ആർ ആൻഡ് ഡി ടീമുകളേയും ടെക്നോളജി യൂണിറ്റുകളേയും ഉൾക്കൊള്ളാനാകുമെന്നും രാജ്യത്തെ മൈക്രോസോഫ്റ്റ് സാന്നിധ്യം കൂടുതൽ ശക്തിപ്പെടുമെന്നുമാണ് വിലയിരുത്തൽ.