ടൈം മാഗസിന്റെ കിഡ് ഓഫ് ദി ഇയർ 2025 (TIME Kid of the Year) ആയി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജയായ അമേരിക്കക്കാരി. ടെക്സസാസിൽ നിന്നുള്ള 17കാരിയായ തേജസ്വി മനോജ് ആണ് അഭിമാനതാരമായിരിക്കുന്നത്. മുതിർന്ന പൗരന്മാരെ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത “Shield Seniors” എന്ന പ്ലാറ്റ്ഫോം സ്ഥാപിച്ചതിലൂടെയാണ് തേജസ്വി ശ്രദ്ധേയയായത്.

ഇന്ത്യക്കാരായ സോഫ്റ്റ് വെയർ എഞ്ചിനീയർ ദമ്പതികളുടെ മകളായാണ് തേജസ്വിയുടെ ജനനം. സ്വന്തം മുത്തച്ഛൻ ഓൺലൈൻ തട്ടിപ്പിന് ഇരയായ അനുഭവമാണ് തേജസ്വിയെ ഷീൽഡ് സീനിയേഴ്സ് എന്ന പദ്ധതിയുമായി മുന്നോട്ടുവരാൻ പ്രേരിപ്പിച്ചത്. എഐ അധിഷ്ഠിത പ്ലാറ്റ്ഫോം വഴി മുതിർന്നവർക്ക് സംശയാസ്പദമായ ഇമെയിലുകളും സന്ദേശങ്ങളും പരിശോധിക്കാനാകും. അവയിൽ അപകടസാധ്യത ഉണ്ടോ എന്ന് മനസ്സിലാക്കാനാക്കാൻ ആകുന്നതിനൊപ്പം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
സാമൂഹിക പ്രതിബദ്ധത, പുതുമയുള്ള ആശയം, ടെക്നോളജിയുടെ സാമൂഹികപ്രയോജനങ്ങൾ എന്നിവ പരിഗണിച്ചാണ് തേജസ്വിയെ ടൈം മാഗസിൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ചെറുപ്രായത്തിൽത്തന്നെ സമൂഹത്തെ മാറ്റാനുള്ള തേജസ്വിയുടെ കഴിവ് മാതൃകാപരമാണെന്ന് ടൈം പാനൽ നിരീക്ഷിച്ചു. ഓൺലൈൻ സുരക്ഷയ്ക്കായുള്ള യുവജനങ്ങളുടെ തെളിവ് കൂടിയാണിതെന്നും പാനൽ അഭിപ്രായപ്പെട്ടു.