ഇന്ത്യയിൽ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം തുടങ്ങാൻ ആഗോള എയ്റോസ്പേസ് ഭീമനായ എയർബസ് (Airbus). ഗുജറാത്തിലെ ഗതിശക്തി വിശ്വവിദ്യാലയത്തിലാണ് (Gati Shakti Vishwavidyalaya) എയർബസ് ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുക. നൂറിലധികം ഇന്ത്യൻ വിതരണക്കാരിൽ നിന്ന് ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ഘടകങ്ങൾ കമ്പനി ശേഖരിക്കുന്നതായും എയർബസ് എംഡി ജർഗൻ വെസ്റ്റർമിയർ പറഞ്ഞു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ എയർബസ് ബെംഗളൂരുവിൽ ഡിജിറ്റൽ സെന്റർ സ്ഥാപിച്ചിരുന്നു. കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ നട്ടെല്ല് എന്നാണ് അടുത്തിടെ എയർബസ് പ്രതിനിധി ബെംഗളൂരു ഡിജിറ്റൽ സെന്ററിനെ വിശേഷിപ്പിച്ചത്. ഫ്രാൻസിലെ ടുലൗസിലുള്ള ആസ്ഥാനത്തിന് ശേഷം നിലവിൽ കമ്പനിയുടെ രണ്ടാമത്തെ വലിയ ഡിജിറ്റൽ സെന്റർ കൂടിയാണ് ബെംഗളൂരുവിലേത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗുജറാത്തിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം.
Global aerospace giant Airbus will set up a new research and development centre in India, located at Gati Shakti Vishwavidyalaya in Gujarat.