രണ്ട് ഗ്രീൻഫീൽഡ് വാണിജ്യ കപ്പൽശാലകൾ സ്ഥാപിക്കാൻ തമിഴ്നാട്. 55000 പേർക്ക് തൊഴിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായും (CSL) മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡുമായും (MDL) 30000 കോടി രൂപയുടെ രണ്ട് മെഗാ ധാരണാപത്രങ്ങളിൽ തമിഴ്നാട് സർക്കാർ ഒപ്പുവെച്ചു. തൂത്തുക്കുടിയിലാണ് കപ്പൽശാലകൾ വരുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച വാണിജ്യ കപ്പൽ നിർമ്മാതാവായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ 15000 കോടി രൂപ നിക്ഷേപമാണ് വരുന്നത്. പദ്ധതി ആദ്യ ഘട്ടത്തിൽ 10000 ത്തിലധികം തൊഴിലവസരങ്ങൾ (4,000 നേരിട്ടും 6,000 പരോക്ഷമായും) സൃഷ്ടിക്കും. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് 15000 കോടി രൂപ നിക്ഷേപിച്ച് മറ്റൊരു വാണിജ്യ കപ്പൽശാല സ്ഥാപിക്കും. 45000 ത്തിലധികം ആളുകൾക്ക് (5,000 നേരിട്ടും 40,000 പരോക്ഷമായും) തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി.