മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. വില്ലനിൽ നിന്നും സഹനടനിലേക്കും പിന്നീട് നായകനിലേക്കുമെത്തി താരരാജാവായി മാറിയ നടനെ മലയാളി സ്നേഹത്തോടെ ലാലേട്ടൻ എന്നുവിളിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മോഹൻലാലിന് പുരസ്കാരം സമ്മാനിച്ചത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് 2023ലെ പുരസ്കാരം. 2004ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു പുരസ്കാരം ലഭിച്ച്‌ രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ ദേശീയ ബഹുമതി മലയാള സിനിമയിലേക്കെത്തുന്നത്.

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ഈ നിമിഷം തന്റേതുമാത്രമല്ല, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെ കാണുന്നത്-അദ്ദേഹം പറഞ്ഞു. അഭിമാനത്തോടെയും നന്ദിയോടെയുമാണ് ഈ വിശിഷ്ട പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. മലയാള സിനിമയുടെ പ്രതിനിധി എന്ന നിലയിൽ അംഗീകാരം നേടുന്ന കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാകുന്നതിൽ അങ്ങേയറ്റം വിനയാന്വിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാൽ പുരസ്കാരം സ്വീകരിച്ചതോടെ സദസ്സ് എഴുന്നേറ്റുനിന്ന്, നിറഞ്ഞ കയ്യടികളോടെ മുഹൂർത്തത്തിന് സാക്ഷികളായി. തുടർന്ന് മന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ ഇതിഹാസമെന്ന് വിശേഷിപ്പിച്ചു. മോഹൻലാലിനെ മലയാളത്തിലാണ് അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചത്. ‘താങ്കൾ ഒരു ഉഗ്രൻ ആക്ടറാണ്’ എന്നാണ് കേന്ദ്രമന്ത്രി മലയാളത്തിൽ പറഞ്ഞത്. ഇത്രയും ചിന്തോദ്ദീപകമായ തിരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്. യഥാർഥ ഇതിഹാസം! ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ-അദ്ദേഹം പറഞ്ഞു.

Malayalam superstar Mohanlal receives the Dadasaheb Phalke Award from President Droupadi Murmu, honoring his contributions to Indian cinema.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version