ഏഷ്യ കപ്പ് (Asia Cup) ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ജേതാക്കളായ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഓപറേഷൻ സിന്ദൂറിനോട് (Operation Sindoor) ഉപമിച്ചാണ് പ്രധാനമന്ത്രി ഇന്ത്യൻ വിജയത്തെ അഭിനന്ദിച്ചിരിക്കുന്നത്. ‘കളിക്കളത്തിലെ ഓപറേഷൻ സിന്ദൂർ, ഫലം ഒന്നുതന്നെ -ഇന്ത്യ ജയിച്ചിരിക്കുന്നു. നമ്മുടെ ക്രിക്കറ്റർമാർക്ക് അഭിനന്ദനങ്ങൾ’ -മോഡി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഏഷ്യ കപ്പിലെ ഒൻപതാം കിരീടം സ്വന്തമാക്കിയത്. വിജയത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമുവും ടീമിനെ അഭിനന്ദിച്ചു.
അതേസമയം, ടൂർണമെന്റിലെ തന്റെ മുഴുവൻ മാച്ച് ഫീയും ഇന്ത്യൻ സായുധ സേനയ്ക്കും പഹൽഗാം ആക്രമണത്തിന്റെ ഇരകൾക്കും സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (SKY) പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) ടീമിനും സപ്പോർട്ട് സ്റ്റാഫിനും 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, ടീം ഒഫീഷ്യലുകൾ എന്നിവർക്കായാണ് സമ്മാനത്തുക. രാജ്യവ്യാപകമായ ആഘോഷങ്ങൾക്കിടയിലാണ് ബോർഡിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ പ്രകടനത്തെയും സമ്മർദ്ദത്തിൽ പ്രകടനം കാഴ്ചവെയ്ക്കാനുള്ള ടീമിന്റെ കഴിവിനേയും ആരാധകർ പ്രശംസിച്ചു
Following the INDIA ASIA CUP victory over Pakistan, PM Modi congratulates the team with ‘Operation Sindoor’ reference. Captain SKY donates his match fee.