കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഐറോവുമായി (EyeROV) വമ്പൻ കരാറിലേർപ്പെട്ട് ഇന്ത്യൻ നാവികസേന. അണ്ടർവാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് (UWROVs) എന്നറിയപ്പെടുന്ന വെള്ളത്തിനടിയിൽ നിരീക്ഷണം നടത്താവുന്ന റോബോട്ടിക് മെഷീനുകൾ വിതരണം ചെയ്യുന്നതിനായി 47 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.
2016ലാണ് ജോൺസ് ടി. മത്തായി (Johns T. Mathai), പി. കണ്ണപ്പ പളനിയപ്പൻ ( P. Kannappa Palaniappan) എന്നിവർ ചേർന്ന് വെള്ളത്തിനടിയിൽ വിവിധ പരിശോധനകൾ നടത്താൻ സാധിക്കുന്ന ഡ്രോണുകളും മറ്റു സാങ്കേതിക വിദ്യകളും നിർമിക്കുന്ന ഐറോവ് സ്ഥാപിച്ചത്. സാധാരണ ക്യാമറകളും ലൈറ്റുകളും സമുദ്രാന്തർഭാഗത്ത് ഉപയോഗിക്കാനാകില്ല. ഈ സാഹചര്യത്തിൽ വെള്ളത്തിനടിയിലുള്ള പരിതസ്ഥിതികളിൽ പര്യവേക്ഷണം ചെയ്യാനും പരിശോധിക്കാനും പ്രവർത്തിപ്പിക്കാനും രൂപകൽപന ചെയ്തിരിക്കുന്ന റോബോട്ടിക് മെഷീനുകളാണ് കമ്പനി വികസിപ്പിച്ച യുഡബ്ല്യുറോവുകൾ. ഐറോവിന്റെ ട്രൗട്ട് മോഡലിന് ഏറെ ആഴത്തിൽ മുങ്ങാൻ കഴിയുമെന്നും സമുദ്രാന്തർഭാഗ നിരീക്ഷണം പോലുള്ള ദൗത്യങ്ങൾ നിർവഹിക്കുന്നതിന് നൂതന പേലോഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഐറോവ് നിലവിൽ ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി 100ലധികം അണ്ടർവാട്ടർ വിന്യാസങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO), ഇന്ത്യൻ കോസ്റ്റ് ഗാർഡ് , കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) എന്നിവയുൾപ്പെടെ 80ലധികം ഉപഭോക്താക്കളാണ് സ്റ്റാർട്ടപ്പിനുള്ളത്.
എട്ട് വർഷങ്ങൾകൊണ്ട് ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പരീക്ഷിച്ച അണ്ടർവാട്ടർ സിസ്റ്റങ്ങൾ ഐറോവ് വികസിപ്പിച്ചതായി ജോൺസ് ടി. മത്തായി പറഞ്ഞു. നാവികസേനയുമായുള്ള ഈ പങ്കാളിത്തം ഇന്ത്യൻ നവീകരണത്തിന് ആഗോളതലത്തിൽ പ്രതിരോധ ഡീപ്-ടെക്കിൽ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.