രണ്ടാമത്തെ വിമാനത്താവളമെന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയണിന്റെ (MMR) ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്നതോടെയാണിത്. ഗതാഗത നിയന്ത്രണ ശേഷിയിൽ നിലവിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെ (CSMIA) മറികടക്കാൻ നവിമുംബൈ വിമാനത്താവളത്തിനാകും.
ഉദ്ഘാടനത്തിന് മുന്നോടിയായി, അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി പദ്ധതി സ്ഥലം സന്ദർശിച്ച് അന്തിമ തയ്യാറെടുപ്പുകളുടെ അവലോകനം നടത്തി. വിമാനത്താവളം ഭാരതത്തിന്റെ ആത്മാവിന്റെതന്നെ സ്മാരകമാണെന്ന് ഗൗതം അദാനി പറഞ്ഞു. പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 9 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളമായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ വിമാനത്താവളങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക പുരോഗതിയും പ്രവർത്തന സന്നദ്ധതയും വിലയിരുത്തുന്നതിനു പുറമേ, നിർമാണ തൊഴിലാളികളുടെ യാത്രകൾ മനസ്സിലാക്കാനായി അദാനി അവരുമായി സംവദിച്ചു. എഞ്ചിനീയർമാരെയും പ്രൊജക്ട് ടീമുകളെയും നേരിട്ടു കണ്ട അദ്ദേഹം സുരക്ഷാ സേനാംഗങ്ങളുമായും ഇടപഴകി. ടെർമിനലിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൊന്നിൽ ഭിന്നശേഷിക്കാരായ ജീവനക്കാരുമായും അദാനി സമയം ചിലവഴിച്ചു.
ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച മുതൽ 15 ദിവസങ്ങൾക്കുള്ളിൽ നവി മുംബൈ വിമാനത്താവഥ്തിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കും. ആദ്യ മാസത്തിൽ 60 പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ച്, 30 ദിവസത്തിനുള്ളിൽ എണ്ണം ഇരട്ടിയാക്കും. തുടർന്ന് ആറ് മാസത്തിനുള്ളിൽ 240-300 എന്ന മാർക്കിലെത്തുകയാണ് ലക്ഷ്യം.
പ്രതിവർഷം 2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ആദ്യ ഘട്ടത്തിൽ, ഗ്രീൻഫീൽഡ് വിമാനത്താവളം പ്രതിദിനം 400 വിമാനങ്ങൾ കൈകാര്യം ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് എയർപോർട്ട് ഡയറക്ടർ ജീത് അദാനി (Jeet Adani) അടുത്തിടെ പറഞ്ഞിരുന്നു. ആദ്യ ദിവസം മുതൽ തന്നെ നവിമുംബൈ വിമാനത്താവളത്തിൽ ആഭ്യന്തര, അന്തർദേശീയ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. എന്തെങ്കിലും കാരണത്താൽ അത് സംഭവിച്ചില്ലെങ്കിൽ, രണ്ടും ഒരേ മാസത്തിനുള്ളിൽ (ഒക്ടോബർ) തീർച്ചയായും ആരംഭിക്കും. ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളുടെ അനുപാതം 4:1 ആയിരിക്കുമെന്നും ജീത് അദാനി പറഞ്ഞു.
PM Modi to inaugurate Navi Mumbai Airport (NMIA) on Oct 8. The Adani Group project will handle 9 crore passengers annually.