രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) ശതാബ്ദിയിൽ 100 രൂപാ നാണയവും സ്റ്റാമ്പും പുറത്തിറക്കി കേന്ദ്രം. ഭാരതാംബയുടേയും സ്വയംസേവകരുടേയും ചിത്രം ആലേഖനം ചെയ്ത നൂറ് രൂപാ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രകാശനം ചെയ്തത്. പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.

ആർഎസ്എസ് 1925 മുതൽ രാഷ്ട്ര സേവനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും ആർഎസ്എസ് നേതാക്കൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ പോയിട്ടുണ്ടെന്നും മോഡി പറഞ്ഞു. നിരവധി സ്വാതന്ത്ര്യസമര സേനാനികൾക്ക് സംഘം പിന്തുണയും സംരക്ഷണവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ആർഎസ്എസ് സർ കാര്യവാഹക് ദത്താത്രേയ ഹൊസബോലെ തുടങ്ങിയവർ പങ്കെടുത്തു.
ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ആർഎസ്‌എസ്സിന്റെ ആപ്തവാക്യവും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
അതേസമയം സംഭവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നായി വിമർശനവും ഉയരുന്നുണ്ട്. ആർഎസ്എസ് ശതാബ്ദിയിൽ 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാറിനെ വിമർശിച്ചു. കേന്ദ്രത്തിന്റെ നടപടി ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് മുഖ്യമന്ത്രി എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിന്ന, വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ്. മതേതര ഇന്ത്യക്ക് നേരെയുള്ള ആക്രമണമാണ് ആർഎസ്എസ്സിന് ഇത്തരമൊരു ബഹുമതി നൽകുന്നതിലൂടെ വെളിവാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Centre releases ₹100 Bharat Mata coin and stamp for RSS centenary. CM Pinarayi Vijayan slams move as an insult to the Constitution.