പയർവർ വിള ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആറ് വർഷത്തെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 11440 കോടി രൂപയുടെ സാമ്പത്തിക വിഹിതം അനുവദിച്ചിട്ടുമുണ്ട്. 2025-26 മുതൽ 2030-31 വരെയുള്ള കാലയളവിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ‘മിഷൻ ഫോർ ആത്മനിർഭരത ഇൻ പൾസസ്’ അംഗീകരിച്ചിരിക്കുന്നത്. നേരത്തെ, 2025-26 ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഈ ദൗത്യം പ്രഖ്യാപിച്ചത്.
നാഷണൽ അഗ്രികൾച്ചറൽ കോപറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (Nafed), നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവ റജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് സർക്കാർ ഏജൻസികൾ സംഭരിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് തുവര, ഉഴുന്ന്, മസൂർ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുന്നതിലാണ് മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ആറ് വർഷത്തേക്ക് പയർവർഗങ്ങളെക്കുറിച്ചുള്ള ദൗത്യം ആരംഭിക്കാൻ പോകുന്നതായും ഇതിന് കീഴിൽ നിരവധി സംരംഭങ്ങൾ സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ ദൗത്യത്തിന് കീഴിൽ, 2023-24ൽ നേടിയ 242 ലക്ഷം ടണ്ണിൽ നിന്ന് 2030-32 ആകുമ്പോഴേക്കും പയർവർഗങ്ങളുടെ ഉത്പാദനം 350 ലക്ഷം ടണ്ണായി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. പയർവർഗ വിളകളുടെ കൃഷി വിസ്തൃതി 242 ലക്ഷം ഹെക്ടറിൽ നിന്ന് 310 ലക്ഷം ഹെക്ടറായി വികസിപ്പിക്കും. വിളവ് ഹെക്ടറിന് 881 കിലോഗ്രാമിൽ നിന്ന് 1130 കിലോഗ്രാം ആയി മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ലോകത്തിലെതന്നെ ഏറ്റവും വലിയ പയർവർഗ ഉത്പാദകരും ഉപഭോക്താക്കളുമായ ഇന്ത്യ, ഇറക്കുമതിയിലെ വർധനയുമായി മല്ലിടുമ്പോഴാണ് ഈ സംരംഭം ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വരുമാനത്തിലും ജീവിത നിലവാരത്തിലുമുള്ള വർധന കാരണം ആഭ്യന്തര ഉത്പാദനം രാജ്യത്തിന്റെ ആവശ്യകതയുമായി പൊരുത്തപ്പെടുന്നില്ല. ഇത് സമീപ വർഷങ്ങളിൽ പയർവർഗ ഇറക്കുമതിയിൽ 15-20% വർധയ്ക്ക് കാരണമായി.
416 കേന്ദ്രീകൃത ജില്ലകളിൽ ക്ലസ്റ്റർ അധിഷ്ഠിത സമീപനത്തിലൂടെയാണ് ദൗത്യം നടപ്പിലാക്കുക. ഏകദേശം 1000 പുതിയ പാക്കേജിംഗ്, പ്രോസസ്സിംഗ് യൂണിറ്റുകൾ സ്ഥാപിക്കും. ഈ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ വരെ സബ്‌സിഡി ലഭ്യമാക്കും.
Union Cabinet approves ₹11440 Cr investment for a 6-year mission to achieve self-sufficiency in pulses by 2030-31.