പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടു.

മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒറ്റത്തവണ ഗ്രാന്റായി എൻഡിആർഎഫിൽ നിന്ന് 2221.03 കോടി രൂപ അനുവദിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായി പിണറായി വിജയൻ പറഞ്ഞു. അഭ്യർത്ഥിച്ച സഹായം തിരിച്ചടയ്ക്കേണ്ട വായ്പയായിട്ടല്ലാതെ ഒറ്റത്തവണ എൻഡോവ്മെന്റായി കണക്കാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട്ടെ കിനാലൂരിൽ സംസ്ഥാന സർക്കാർ മാറ്റിവെച്ച സ്ഥലത്ത് എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അതിവേഗ നഗരവൽക്കരണം കണക്കിലെടുത്ത് സംസ്ഥാനത്ത് സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്ഥാപിക്കുക, സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് കുടിശികയാക്കിയ നെല്ലുസംഭരണ സബ്സിഡി ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.