കൺസ്ട്രക്ഷൻ മാലിന്യങ്ങളുടെ വർധിച്ചുവരുന്ന പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കേരളം. ഈ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ നിർമാണ രീതികളെ മാറ്റിമറിക്കാൻ സാധിക്കുന്ന സുസ്ഥിര പരിഹാരവുമായി മുന്നോട്ടെത്തിയിരിക്കുകയാണ് എഞ്ചിനീയർമാരുടെ സംഘം. അമൃത വിശ്വ വിദ്യാപീഠത്തിലെ (Amrita Vishwa Vidyapeetham) ഗവേഷകനും ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (Baselios Mathews College of Engineering) ഡീനുമായ വിഷ്ണു വിജയൻ, ഓസ്‌ട്രേലിയയിലെ എഡിത്ത് കൊവാൻ സർവകലാശാലയിലെ (Edith Cowan University) കെ.എം. മിനി, സഞ്ജയ് കുമാർ എന്നിവർ ചേർന്നാണ് താഴ്ന്ന നിലവാരമുള്ള പുനരുപയോഗ അഗ്രഗേറ്റുകൾ നവീകരിക്കുന്നതിനുള്ള സ്ലറി ഇമ്മേർഷൻ ടെക്നിക്കുമായി രംഗത്തെത്തിയിരിക്കുന്നത്.

കൺസ്ട്രക്ഷന്റെ ഭാഗമായുള്ള അവശിഷ്ടങ്ങൾ തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളത്തെ മരട് പ്രദേശത്ത് മാത്രം, ബഹുനില കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത് ഏകദേശം 90 ടൺ കോൺക്രീറ്റ് മാലിന്യം സൃഷ്ടിച്ചു. അതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരങ്ങളിലോ ജലാശയങ്ങളിലോ എത്തി. ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിനായാണ് നീക്കമെന്ന് ഇവർ പറഞ്ഞു.
പുനരുപയോഗിച്ച വസ്തുക്കളുടെ ശക്തിയും ഈടും മെച്ചപ്പെടുത്താൻ സഹായിക്കുന്ന രീതിയാണ് സംഘം പിന്തുടർന്നിരിക്കുന്നത്. ഇത് പുതിയ നിർമാണ പദ്ധതികൾക്ക് അനുയോജ്യമായ തരത്തിലാണ്. ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾക്ക് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണ ചക്രത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഈ സമീപനം ഉറപ്പാക്കുന്നു. ചിലവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം നിർമാണ വ്യവസായത്തിന്റെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് വിഷ്ണു വിജയൻ പറഞ്ഞു.
a team of engineers from amrita vishwavidyapeetham and others developed a slurry immersion technique to upgrade low-quality recycled aggregates for construction.