കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. അനിത ആനന്ദിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച. സന്ദർശനം ഇന്ത്യ–കാനഡ ബന്ധത്തിനു പുതിയ ഊർജം നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. അനിത ആനന്ദും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും തമ്മിൽ നടന്ന ചർച്ചയിൽ വാണിജ്യം, നിക്ഷേപം, ഊർജം, ആണവോർജം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിനുള്ള മാർഗരേഖ തയാറാക്കിയതായും ജയശങ്കർ പറഞ്ഞു.

പുതുക്കിയ മന്ത്രിതല ചർച്ചകൾ, പുനരുജ്ജീവിപ്പിച്ച ഊർജ്ജ സംഭാഷണം, വ്യാപാര, സാങ്കേതിക സഹകരണം എന്നിവയിലൂടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും. കാനഡ–ഇന്ത്യ സിഇഒ ഫോറം പുനരാരംഭിച്ച് അടുത്ത വർഷം ആദ്യം സമ്മേളനം നടക്കും. കാനഡ–ഇന്ത്യ മിനിസ്റ്റീരിയൽ എനർജി ഡയലോഗും പുനഃസ്ഥാപിക്കും. എൽഎൻജി, എൽപിജി വ്യാപാരവും ഓയിൽ–ഗ്യാസ് മേഖലയിലെ പര്യവേക്ഷണ–ഉത്പാദന പങ്കാളിത്തവും ശക്തമാക്കും.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കുമിടയിൽ പുതുക്കിയ പങ്കാളിത്തം നിർണായകമാണെന്ന് ചർച്ചകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി. രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള അടുത്ത സഹകരണം കൂടുതൽ പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ നിർമിക്കാനും തന്ത്രപരമായ സ്ഥിരത പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ജൂൺ മാസത്തിൽ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.തുടർന്ന്, ഇരു രാജ്യങ്ങളും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിക്കുകയും നിഷ്ക്രിയമായ ഉഭയകക്ഷി സംവിധാനങ്ങൾ വീണ്ടും സജീവമാക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തിയ ആനന്ദ്, സുരക്ഷ, നിയമപാലനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനൊപ്പം ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ബന്ധങ്ങളിൽ പുതിയ ചലനാത്മകത പകരാനുമുള്ള അവസരമായി ആനന്ദിന്റെ സന്ദർശനത്തെ മോഡി സ്വാഗതം ചെയ്തു.