പഞ്ചാബ് നാഷണൽ ബാങ്ക് (PNB) വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സിയെ (Mehul Choksi) ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയം കോടതി അനുമതി നൽകി. ഈ വർഷമാദ്യം ബെൽജിയൻ പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത് സാധുവാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, 15 ദിവസത്തിനുള്ളിൽ ബെൽജിയൻ സുപ്രീം കോടതിയിൽ ചോക്സിക്ക് അപ്പീൽ നൽകാം.

പിഎൻബിയിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് 13000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലെ പ്രധാന പ്രതിയാണ് മെഹുൽ ചോക്സി. വായ്പാ തട്ടിപ്പ് പുറത്തുവന്നതിനു ശേഷം ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2565 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടുകയും ലേലം ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. ചോക്സിയുടെ അനന്തരവൻ നീരവ് മോഡിയാണ് കേസിലെ മറ്റൊരു പ്രതി. 2018ൽ തട്ടിപ്പ് വിവരം പുറത്തുവരുന്നതിന് തൊട്ടുമുൻപ് മെഹുൽ ചോക്സിയും നീരവ് മോഡിയും ഇന്ത്യ വിടുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട നീരവ് മോഡി നിലവിൽ ലണ്ടനിൽ ജയിലിലാണ്.
2025 ഏപ്രിൽ 11നാണ് ഇന്ത്യയുടെ ആവശ്യപ്രകാരം ചോക്സിയെ ബെൽജിയൻ പോലീസ് അറസ്റ്റ് ചെയ്തത്. ചോക്സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ വാറണ്ട് നിലവിലുണ്ട്. കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളിലെ നിർണായക ഘട്ടമാണ് ബെൽജിയൻ കോടതി വിധിയിലൂടെ പൂർത്തിയായിരിക്കുന്നതെന്ന് ഇന്ത്യൻ പ്രതിനിധി പ്രതികരിച്ചു. ഇന്ത്യയ്ക്കു കൈമാറുകയാണെങ്കിൽ, ചോക്സിയെ മുംബൈയിലെ ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12ൽ പാർപ്പിക്കുമെന്ന് ഇന്ത്യ നേരത്തെ ബെൽജിയൻ അധികാരികൾക്ക് ഉറപ്പ് നൽകിയിരുന്നു.
fugitive mehul choksi, key accused in the ₹13,000 crore pnb scam, can be extradited to india, rules belgian court. he has 15 days to appeal.