കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയുമായി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. നോർത്ത് കളമശ്ശേരി സുന്ദരഗിരിയിലുള്ള എസ്ഡി സ്കേപ്സ് സ്റ്റുഡിയോ (SD Scapes Studio) കേരളത്തിലെ ഏറ്റവും വിശാലമായ സൗകര്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വിപുലമായ ഇൻഡോർ സ്റ്റുഡിയോ സൗകര്യമാണ് എസ്ഡി സ്കേപ്സെന്ന് സ്റ്റുഡിയോ അധികൃതർ പറയുന്നു. ഒറ്റപ്പാലം, സുന്ദരഗിരി എന്നീ പേരോടുകൂടിയ രണ്ട് സ്റ്റുഡിയോകളാണ് എസ്ഡി സ്കേപ്സിലുള്ളത്. പൂർണമായി ശീതീകരിച്ച ‘സ്റ്റുഡിയോ ഒറ്റപ്പാലത്തിൽ’ മൂവായിരത്തിലധികം സീറ്റിങ്ങ് കപ്പാസിറ്റിയും, ‘സ്റ്റുഡിയോ സുന്ദരഗിരി’യിൽ സ്റ്റേജ് കഴിഞ്ഞ് 800ലധികം സീറ്റിങ്ങ് കപ്പാസിറ്റിയിയുമുണ്ട്. കൂടാതെ ഗ്രീൻ റൂം, ക്യാന്റീൻ സൗകര്യവുമുണ്ട്. നാനൂറിന് മുകളിൽ വാഹനങ്ങൾക്കുള്ള വിശാലമായ പാർക്കിങ്ങ് സൗകര്യത്തോട് കൂടിയാണ് സ്റ്റുഡിയോ സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ ഇൻഡോർ സ്റ്റുഡിയോ ഷൂട്ടുകൾക്ക് പുറമേ വിവിധ ഇവന്റ് പരിപാടികൾ, സിനിമാ-സീരിയൽ മേഖലയിലെ വ്യത്യസ്ത വിനോദ പരിപാടികൾ, ലൈവ് ഷോകൾ, ഫാഷൻ ഷോകൾ, സംഗീത സദസ്, വിപുലമായ വിവാഹ റിസപ്ഷൻ, കോർപറേറ്റ് ഇവന്റ്സ് തുടങ്ങിയവയും നടത്താനാകും.
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ഷൂട്ടിംഗ് സ്റ്റുഡിയോ ‘ഒറ്റപ്പാലം’, ചിത്രീകരണ ലോകത്തിന് പുതിയ അനുഭവം സമ്മാനിക്കും. 17000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള സ്റ്റുഡിയോ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. 147 അടി നീളവും 120 അടി വീതിയുമുള്ള സ്റ്റുഡിയോയ്ക്ക് 40 അടി ഉയരത്തിലുള്ള വിപുലമായ സൗകര്യമുണ്ട്. ചുമരുകളിൽ 25 കിലോ ഭാരമൂല്യമുള്ള റിഗ്‌സ് ഘടിപ്പിക്കാവുന്ന ശേഷി, ഫാഷൻ ഷോകൾ സംഘടിപ്പിക്കുമ്പോൾ വലിയ കാറ്റ്‌വാക്ക് സൗകര്യം തുടങ്ങിയവയുമുണ്ട്.
മെഗാ പ്രൊഡക്ഷനുകൾ നടത്താൻ കേരളത്തിൽ മറ്റെങ്ങും പോകേണ്ടതില്ല എന്നതാണ് എസ്ഡി സ്കേപ്സ് സ്റ്റുഡിയോ കൊണ്ടുവരുന്ന പ്രധാന മാറ്റമെന്നാണ് വിലയിരുത്തൽ. സ്റ്റുഡിയോയുടെ പിൻഭാഗത്തേക്ക് ട്രക്കുകൾ നേരിട്ട് പ്രവേശിക്കാവുന്ന സംവിധാനം, അഞ്ച് മേക്കപ്പ് റൂമുകൾ, സ്വകാര്യ മുറി, ഒൻപത് ശൗചാലയം, സ്റ്റോർ റൂം, ലോബി ആൻഡ് പ്രീ-ഫംങ്ഷൻ ഏരിയ എന്നിവയുമുണ്ടാകും. ചിത്രീകരണത്തിനും ലൈവ് ഷോകൾക്കും പരസ്യങ്ങൾക്കുമായി വിശാല അവസരങ്ങളാണ് സ്റ്റുഡിയോ സമ്മാനിക്കുന്നത്.
musician stephen devassy launches sd scapes, kochi’s largest indoor studio, featuring studio ottappalam (3000+ seats) and studio sundaragiri for mega events and shoots.