7.62 x 51 എംഎം എസ്ഐജി 716 അസോൾട്ട് റൈഫിളുകൾക്ക് (SIG 716 Assault Rifle) വേണ്ടിയുള്ള നൈറ്റ് സൈറ്റ് (Image Intensifier) ഉപകരണങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. നൈറ്റ് സൈറ്റ് അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായി എംകെയു ലിമിറ്റഡ് (MKU Ltd) മെഡ്ബിറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (Medbit Technologies) എന്നിവയുടെ കൺസോർഷ്യവുമായി 659.47 കോടി രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്.

500 മീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും കൃത്യമായി കണ്ട് വെടിവയ്ക്കാൻ സൈനികരെ സഹായിക്കുമെന്നതിനാൽ നൈറ്റ് സൈറ്റ് സിസ്റ്റം ഇന്ത്യൻ കരസേനയുടെ യുദ്ധശേഷിയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള പാസീവ് നൈറ്റ് സൈറ്റുകളെ (PNS) അപേക്ഷിച്ച് വൻ മുന്നേറ്റമാണ് പുതിയ നൈറ്റ് സൈറ്റിലൂടെ സാധ്യമാകുക. കുറഞ്ഞ പ്രകാശത്തിൽ പോലും വ്യക്തമായ കാഴ്ച നൽകുന്ന ഇമേജ് ഇന്റൻസിഫയർ സാങ്കേതികവിദ്യയിലൂടെ രാത്രികാല ഓപ്പറേഷനുകളിൽ കൃത്യമായ ലക്ഷ്യം ഭേദിക്കുന്നത് ഉറപ്പാക്കാനാകും. അതുകൊണ്ടുതന്നെ സൈനികരുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
indian army signs ₹659 crore deal for advanced image intensifier night sights for sig 716 assault rifles, enhancing night combat capability up to 500m.