ഓപറേഷൻ സിന്ദൂറിൽ പാകിസ്താൻ വിമാനങ്ങൾ വീഴ്ത്തിയ റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ വാങ്ങാൻ ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി 10000 കോടി രൂപയുടെ പ്രതിരോധ കരാർ ചർച്ച പുരോഗമിക്കുകയാണ്. നാല് ദിവസം നീണ്ട ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം ആറോളം പാക് യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവുമാണ് തകർത്തത്. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയാണ് പാക് വിമാനങ്ങളെ വിജയകരമായി പ്രതിരോധിച്ചത്. ഇത് പാകിസ്താന് നേരെയുള്ള ആക്രമണത്തിൽ ഇന്ത്യയ്ക്ക് മേൽകൈ നൽകിയിരുന്നു.

വ്യോമ പ്രതിരോധ ശേഷിയുള്ള കൂടുതൽ മിസൈലുകൾ വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ വ്യോമസേനയെന്നും ഇക്കാര്യത്തിൽ റഷ്യൻ അധികൃതരുമായി ചർച്ചകൾ ആരംഭിച്ചതായും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 23ന് നടക്കുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗത്തിൽ വ്യോമസേനയുടെ നിർദേശം പ്രതിരോധ മന്ത്രാലയം അംഗീകാരത്തിനായി പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു. എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങുന്നതിനായി ഇന്ത്യയും റഷ്യയും 2018ൽ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിൽ മൂന്ന് സ്ക്വാഡ്രണുകൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാലാമത്തെ സ്ക്വാഡ്രണിന്റെ വിതരണത്തിന് തൊട്ടുമുമ്പാണ് റഷ്യ-ഉക്രെയ്ൻ യുദ്ധമുണ്ടാകുന്നത്. ഇതിനെത്തുടർന്ന് കാലതാമസമുണ്ടായി.
വിവിധ തലങ്ങളിൽ കൂടുതൽ എസ്-400, എസ്-500 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ഇരുപക്ഷവും തങ്ങളുടെ സൈനിക ഹാർഡ്‌വെയർ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും.
india is negotiating a $1.2 billion defence deal with russia for more s-400 air defence systems after their success against pakistani aircraft in ‘operation sindoor’