ഇന്ത്യയിൽ വമ്പൻ നീക്കവുമായി വിദേശ ബാങ്കുകൾ. ജപ്പാൻ ആസ്ഥാനമായുള്ള സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷനും (Sumitomo Mitsui Banking Corporation) യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് എൻബിഡിയും (Emirates NBD) യെസ് ബാങ്ക് (Yes Bank) ആർബിഎൽ (RBL Bank) ഓഹരികൾ ഏറ്റെടുത്തിരിക്കുകയാണ്. എസ്ബിഐയിൽ നിന്നും മറ്റ് ഏഴ് ഓഹരി ഉടമകളുടെ കൺസോർഷ്യത്തിൽ നിന്നും അധിക ഓഹരി വാങ്ങിയതിനെത്തുടർന്ന് സുമിറ്റോമോ മിറ്റ്സുയി യെസ് ബാങ്കിലെ ഏറ്റവും വലിയ ഓഹരി ഉടമയായി. ബാങ്കിൽ 24.99 ശതമാനം ഓഹരികളാണ് ഇപ്പോൾ ജാപ്പനീസ് ബാങ്കിനുള്ളത്. അതേസമയം ആർബിഎൽ ബാങ്കിന്റെ 60 ശതമാനം പങ്കാണ് എമിറേറ്റ്സ് എൻബിഡി സ്വന്തമാക്കുന്നത്. മൂന്ന് ബില്യൺ ഡോളറിനാണ് (ഏകദേശം ₹25,000 കോടി) ആർബിഎൽ ബാങ്ക്-എമിറേറ്റ്സ് എൻബിഡി കരാർ.

അതേസമയം, യെസ് ബാങ്കിലെ ഓഹരികൾ സുമിറ്റോമോ മിറ്റ്സുയിക്ക് കൈമാറുന്നതിലൂടെ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകൾക്ക് ലഭിക്കുക 13483 കോടി രൂപയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യെസ് ബാങ്കിന്റെ പുനരുദ്ധാരണ പദ്ധതിയിലെ വ്യവസ്ഥ പ്രകാരം നിക്ഷേപം നടത്തിയ ബാങ്കുകളെ ഓഹരി വില്പനയിൽനിന്നുള്ള മൂലധന നേട്ട നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. 2020ലെ ഈ വ്യവസ്ഥ പ്രകാരം ബാങ്കുകൾക്ക് നികുതിയിനത്തിൽ വൻ ആനുകൂല്യം ലഭിക്കും. യെസ് ബാങ്കിന്റെ ബോർഡിലേയ്ക്ക് രണ്ട് നോമിനി ഡയറക്ടർമാരെ നിയമിക്കാനും ആർബിഐ അനുമതി നൽകിയിട്ടുണ്ട്.
japan’s sumitomo mitsui is now the largest shareholder in yes bank, while uae’s emirates nbd acquires 60% stake in rbl bank in a $3 billion deal.