തീരദേശ ഹൈവേയുടെ ഭാഗമായി വൈപ്പിനേയും ഫോർട്ട് കൊച്ചിയേയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത നിർമാണത്തിന് താൽപര്യപത്രം ക്ഷണിക്കാൻ സർക്കാർ നടപടി തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെതന്നെ ആദ്യ അണ്ടർവാട്ടർ ടണൽ പദ്ധതിക്കായാണ് ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ഫോർട്ട് കൊച്ചിക്കും വൈപ്പിനുമിടയിൽ കപ്പൽച്ചാലിന്റെ ഭാഗത്ത് കടലിനു മുകളിലൂടെ പാലം നിർമിക്കുക അപ്രായോഗികമായതിലാണ് തുരങ്കപാതയ്ക്കുള്ള സാധ്യതയിലേക്ക് തിരിഞ്ഞത്. തീരദേശ ഹൈവേയെ റോഡ് മാർഗം ബന്ധിപ്പിക്കാൻ 16 കിലോമീറ്റർ ദൈർഘ്യം വേണം. അതേസമയം, തുരങ്കപാതയാണെങ്കിൽ വെറും 3 കിലോമീറ്റർ മതിയാകും. കപ്പൽച്ചാലിനു കുറുകെ നിർമിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. ഇരട്ട ടണലുകളിൽ മൂന്നര മീറ്റർ വീതിയുള്ള സർവീസ് റോഡും നാലര മീറ്റർ വീതിയിൽ ഹൈവേയുമാണ് ഉദ്ദേശിക്കുന്നത്.
2672 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1225 കോടി രൂപ ഇരട്ട-ട്യൂബ് ടണലുകൾക്കും 500 കോടി രൂപ ഭൂമി ഏറ്റെടുക്കൽ ചിലവുമാണ്. നിർമാണം പൂർത്തിയാകുന്നതോടെ ഇരു പ്രദേശങ്ങൾക്കുമിടയിലെ യാത്രാ സമയം രണ്ട് മണിക്കൂർ വരെ കുറയ്ക്കാനാകും. പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്കാണ് തുരങ്കപാത തുറക്കുകയെന്നും 500 മീറ്റർ ഇടവിട്ട് യാത്രക്കാർക്കുള്ള വെന്റിലേഷനോടു കൂടിയ എമർജൻസി എക്‌സിറ്റ്, ഓരോ 250 മീറ്ററിലും എമർജൻസി സ്‌റ്റോപ് ബേ എന്നിവയുമുണ്ടാകുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതി ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (DBFOT) മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നീക്കമെന്നും സ്ഥലമേറ്റെടുക്കൽ പൂർത്തിയായാൽ രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
kerala’s first underwater twin tunnel project, estimated at ₹2672 cr, will connect vypin and fort kochi, reducing travel time significantly.