പാകിസ്താനെതിരായ സംഘർഷത്തിൽ ഇന്ത്യ ഉപയോഗിച്ച ബ്രഹ്മോസ് മിസൈലിനായി കൂടുതൽ രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിനായി ഇന്ത്യ രണ്ട് കയറ്റുമതി ഓർഡറുകൾ നേടിയിരിക്കുകയാണ്. 3700 കോടി രൂപയുടേതാണ് ഓർഡർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഓർഡർ നേടിയ രാജ്യങ്ങൾ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വളരുന്ന വിജയത്തെ അടിവരയിടുന്നതും തദ്ദേശീയ മിസൈൽ സാങ്കേതികവിദ്യയിലെ ദീർഘകാല നിക്ഷേപത്തെ സാധൂകരിക്കുന്നതുമാണ് പുതിയ കരാറുകളെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
2022ൽ ഫിലിപ്പീൻസ് 322 മില്യൺ ഡോളറിന് മൂന്ന് ബ്രഹ്മോസ് തീരദേശ പ്രതിരോധ ബാറ്ററികൾ സ്വന്തമാക്കിയിരുന്നു. പിന്നാലെ വിയറ്റ്നാമും ഇന്തോനേഷ്യയും സമീപ വർഷങ്ങളിൽ ഈ സംവിധാനം സ്വന്തമാക്കുന്നതിൽ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ ഇരുരാജ്യങ്ങളുമായും ഇതുവരെ കരാറിൽ അന്തിമ തീരുമാനമായിട്ടില്ല.

പാക് വ്യോമകേന്ദ്രങ്ങളിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഉപയോഗിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനമാണിത്.
ഇന്ത്യയിലെ ഡിആർഡിഒയും റഷ്യയിലെ എൻപിഒഎമ്മും സംയുക്തമായി വികസിപ്പിച്ചെടുത്ത മിസൈലിന് കപ്പലുകളെ തകർക്കാനും കര ആക്രമണങ്ങൾക്കും സാധിക്കും. ഇന്ത്യൻ നാവികസേനയിലും സൈന്യത്തിലും ബ്രഹ്മോസ് ആയുധ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. 600 കിലോമീറ്റർ വരെ റേഞ്ചുള്ള ബ്രഹ്മോസിൽ 400 കിലോമീറ്റർ വരെ പരീക്ഷണം നടത്തിയിട്ടുണ്ട്. 15 കിലോമീറ്റർ വരെ ഉയരത്തിൽ സഞ്ചരിക്കാനും 10 മീറ്റർ വരെ താഴ്ന്ന നിലയിൽ പ്രഹരിക്കാനും ബ്രഹ്മോസിന് കഴിയും. 200 മുതൽ 300 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡാണ് മിസൈൽ വഹിക്കുന്നത്. മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ ബ്രഹ്മോസ് മിസൈലുകൾ തൊടുക്കാൻ സാധിക്കും.
India wins ₹3,700 crore export orders for BrahMos missiles, marking a major boost to its defence exports and indigenous missile technology.
