ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (SBI) യുഎസ്സിലെ ഗ്ലോബൽ ഫിനാൻസ് മാഗസിൻ തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാൽ ഈ നേട്ടം പെട്ടെന്നുണ്ടായതല്ല — വർഷങ്ങളായുള്ള സാങ്കേതിക നവീകരണവും ഉപഭോക്തൃകേന്ദ്രിതമായ സേവന രീതിയും ചേർന്നാണ് എസ്ബിഐയെ ഈ ഉന്നത ബഹുമതിയിലേക്ക് എത്തിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ 2025ലെ ഇന്ത്യയിലെ മികച്ച ബാങ്ക് എന്ന പുരസ്കാരത്തിനും അർഹമായി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും ലോക ബാങ്കും ചേർന്ന് സംഘടിപ്പിച്ച വാർഷിക യോഗങ്ങളോടനുബന്ധിച്ചാണ് ഗ്ലോബൽ ഫിനാൻസിന്റെ ബാങ്ക് അവാർഡുകൾ പ്രഖ്യാപിച്ചത്.
മികച്ച സേവനങ്ങൾ നൽകിയതിന്റെയും, സാമ്പത്തിക ഭൂമികയിൽ കൂടുതൽ ആളുകളെ ഉൾക്കൊണ്ട് വിശ്വാസമാർജിച്ചതിന്റെയും ഫലമായാണ് എസ്ബിഐയുടെ നേട്ടം വിലയിരുത്തപ്പെടുന്നത്. ആഗോള സമ്പദ് വ്യവസ്ഥ വിവിധ തരം വെല്ലുവിളികൾ നേരിടുന്നതിനിടെ ധനകാര്യ സ്ഥാപനങ്ങൾക്ക് ഊർജം പകരുന്ന അവാർഡാണ് ഗ്ലോബൽ ഫിനാൻസിന്റെ പുരസ്കാരങ്ങൾ. ലോകത്തിലെ ധനകാര്യ സ്ഥാപനങ്ങളെ വിശകലനം ചെയ്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവയ്ക്ക് പതിറ്റാണ്ടുകളായി നൽകി വരുന്ന ബഹുമതിയാണിത്.
ബാങ്കിംഗ് രംഗത്ത് വിശ്വാസ്യതയും ഉൾക്കൊള്ളലും ഉറപ്പാക്കാൻ എസ്ബിഐ എടുത്ത നീക്കങ്ങളാണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത്. 520 ദശലക്ഷം ഉപഭോക്താക്കളെ സേവിക്കുന്നതിനൊപ്പം പ്രതിദിനം 65000 പുതിയ ഉപഭോക്താക്കളെ ചേർക്കുന്ന എസ്ബിഐ സാങ്കേതികവിദ്യയിലെയും ഡിജിറ്റലൈസേഷനിലെയും വൻ നിക്ഷേപങ്ങളിലൂടെ “ഡിജിറ്റൽ ഫസ്റ്റ്, കൺസ്യൂമർ ഫസ്റ്റ്” ബാങ്കായി മാറിയിരിക്കുകയാണ്.
സാങ്കേതിക നേതൃത്വം നിലനിർത്തി സേവനങ്ങൾ വികസിപ്പിച്ചതിലൂടെ ലോകോത്തര ബാങ്കിംഗ് അനുഭവങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിൽ എസ്ബിഐയുടെ വിജയത്തെ ഈ അവാർഡുകൾ അടിവരയിടുന്നു. 100 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ഉപയോഗിക്കുന്ന എസ്ബിഐയുടെ മൊബൈൽ ആപ്പ്, 10 ദശലക്ഷത്തിലധികം ദൈനംദിന സജീവ ഉപഭോക്താക്കൾ തുടങ്ങിയവ ഈ പുരോഗതിയുടെ മുഖ്യ സൂചകങ്ങളാണ്.
ലോകത്തിലെ പ്രമുഖ ബാങ്കുകളെ ഗ്ലോബൽ ഫിനാൻസ് ബെസ്റ്റ് ബാങ്ക് അവാർഡ് കൂടുതൽ ശ്രദ്ധേയമാക്കാറുണ്ട്. വിശ്വാസ്യത, പ്രവർത്തനങ്ങളിലെ സുതാര്യത തുടങ്ങിയവ പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. അതുകൊണ്ടുതന്നെ കോർപറേറ്റ് ഫിനാൻസ് മേഖലയിലെ ഏറ്റവും മൂല്യമേറിയ അവാർഡുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. എസ്ബിഐയുടെ മികച്ച ഉപഭോക്തൃ സേവനം, ഇന്ത്യയിലുടനീളം നടത്തുന്ന ഫിനാൻഷ്യൽ ഇൻക്ലൂഷൻ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ ബഹുമതിക്ക് പിന്നിലുള്ള പ്രധാന ഘടകങ്ങൾ.
ഇക്കാരണങ്ങൾകൊണ്ടുതന്നെയാണ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഈ നേട്ടത്തെ “ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ എസ്ബിഐ വഹിക്കുന്ന നിർണായക പങ്കിന്റെ തെളിവെന്ന്” വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം അദ്ദഹം മുഴുവൻ എസ്ബിഐ കുടുംബത്തിനും അഭിനന്ദനങ്ങളും നേർന്നു.
Global Finance names SBI the world’s Best Consumer Bank 2025 for digital innovation, customer service, and driving financial inclusion in India.