ഇന്ത്യയും ബ്രസീലും തമ്മിൽ ആയുധങ്ങൾ പരസ്പരം കൈമാറുന്ന ബാർട്ടർ പ്രതിരോധ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പ്രതിരോധ സഹകരണവും വ്യാവസായിക ശേഷിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. നിർദിഷ്ട കരാർ പ്രകാരം, ബ്രസീൽ ഇന്ത്യയിൽനിന്ന് തദ്ദേശീയമായി നിർമിച്ച തേജസ് എംകെ1എ യുദ്ധവിമാനങ്ങളും (Tejas Mk1A fighter jets) പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളും (Prachand Light Combat Helicopters) വാങ്ങും. ഇതിനുപകരമായി ബ്രസീൽ ഇന്ത്യയ്ക്ക് സി-390 മില്ലേനിയം മൾട്ടി-റോൾ ട്രാൻസ്പോർട്ട് വിമാനങ്ങൾ (C-390 Millennium multi-role transport aircraft) നൽകും.

രണ്ട് ബ്രിക്സ് (BRICS) രാജ്യങ്ങൾ തമ്മിൽ നടക്കാനിടയുള്ള ഈ കരാർ സൗത്ത്-സൗത്ത് പ്രതിരോധ സഹകരണത്തിലെ നിർണായക ചുവടുവെയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. ഇരുരാജ്യങ്ങളും പരമ്പരാഗത പാശ്ചാത്യ, റഷ്യൻ സൈനിക വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നീക്കമായും ഇതിനെ കാണുന്നു. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ബ്രസീലിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരമാണ് സാധനങ്ങൾ കൊടുത്ത് പകരം സാധനങ്ങൾ വാങ്ങുന്ന ബാർട്ടർ രീതിയിൽ പ്രതിരോധ ഇടപാട് നടന്നേക്കാമെന്ന റിപ്പോർട്ടുകളുള്ളത്. ഇതിനായുള്ള ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും, യാഥാർത്ഥ്യമാകുകയാണെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ പ്രതിരോധ കരാറുകളിൽ ഒന്നായി ഇത് മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് (MTA) പ്രോഗ്രാമിന്റെ ഭാഗമായാണ് ചർച്ചകൾ നടക്കുന്നത്. ആന്റണോവ് എഎൻ-32 വിമാനങ്ങളുടെ പഴക്കം ചെന്ന ഫ്ലീറ്റിന് പകരം 40 മുതൽ 80 വരെ പുതിയ മൾട്ടി-റോൾ ട്രാൻസ്പോർട്ട് ജെറ്റുകൾ സ്ഥാപിക്കുകയാണ് പ്രധാന ലക്ഷ്യം. എംബ്രെയർ നിർമിച്ച ബ്രസീലിയൻ സി-390 മില്ലേനിയം, ലോക്ക്ഹീഡ് മാർട്ടിന്റെ സി-130ജെ, എയർബസിന്റെ എ-400എം തുടങ്ങിയ വിമാനങ്ങളുമായി മത്സരിക്കുന്നതിനാൽ, പദ്ധതിക്കായി ഏറെ അനുയോജ്യമാണ്. കുറഞ്ഞത് 80 വിമാനങ്ങളെങ്കിലും ഇന്ത്യയ്ക്ക് ആവശ്യമായിവരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രസീലിന് യൂറോപ്യൻ ആയുധകമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത്തരമൊരു കരാർ ഏറെ ഗുണം ചെയ്യും. സി-390ക്ക് എതിരായ യുഎസ് സമ്മർദങ്ങളെ മറികടക്കാനും വിദേശനാണ്യ ശോഷണം കുറയ്ക്കാനും ഇടപാട് സഹായിക്കും.
അതേസമയം, ലേലത്തിന് കൂടുതൽ പിന്തുണ ലഭിക്കുന്നതിനായി എംബ്രെയർ മഹീന്ദ്ര ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുമുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭവുമായി സഹകരിക്കുന്നതിനായാണ് ഈ നീക്കം. പ്രതിരോധ ഉപകരണങ്ങളുടെ കൂടുതൽ തദ്ദേശീയവൽക്കരണത്തിനായി ഇന്ത്യ സമ്മർദം ചെലുത്തുന്നതിനാൽ, സി-390ന്റെ വിജയസാധ്യത ഈ പങ്കാളിത്തത്തിലൂടെ ശക്തിപ്പെടുന്നു. ഇന്ത്യ ഇവ വാങ്ങുകയാണെങ്കിൽ ഇന്ത്യയിൽ നിർമാണ കേന്ദ്രം സ്ഥാപിക്കാമെന്നും എംബ്രെയർ വാഗ്ദാനം ചെയ്തിട്ടുണ്ട്. 26 ടൺ ഭാരം വഹിക്കാവുന്ന സി-390 മില്ലേനിയം വിമാനങ്ങൾക്ക് എട്ട് കോടി ഡോളറാണ് (ഏകദേശം 702 കോടി രൂപ) വില. വ്യോമസേനയുടെ ചരക്ക് നീക്കങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കാൻ ഈ വിമാനങ്ങൾക്കാകും എന്നാണ് വിലയിരുത്തൽ.
ഇതിനുപകരമായി, ഇന്ത്യയുടെ തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിലാണ് ബ്രസീൽ താൽപര്യം പ്രകടിപ്പിക്കുന്നത്. 300 കോടി രൂപവരെയാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന തേജസിന് വില വരിക. ഇന്ത്യൻ വ്യോമസേനയ്ക്കായി കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിനാൽ 640 കോടിയോളം വിലവരും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത പ്രചണ്ഡ് എൽസിഎച്ചിന് ഏതാണ്ട് 400 കോടി രൂപ വിലവരും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ പ്രവർത്തിക്കാനുള്ള വൈദഗ്ധ്യം കാരണം ബ്രസീലിന്റെ സായുധ സേനയ്ക്ക് മികച്ച കൂട്ടിച്ചേർക്കലായിരിക്കും പ്രചണ്ഡ്
india and brazil are nearing a defense barter deal: brazil to buy tejas and prachand, and india to acquire embraer c-390 millennium transport aircraft.


 
