പൊതു ഇടങ്ങൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതവും അനുയോജ്യവുമാക്കാൻ വെറും റിപ്പോർട്ടുകളും പഠനങ്ങളും പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. സംസ്ഥാനത്തുടനീളം കാൽനട സുരക്ഷ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

റോഡ് സുരക്ഷയും സീബ്രാ ക്രോസിംഗും സംബന്ധിച്ച കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. ഹിയറിങ്ങിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ സി. നാഗരാജു, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ട്രാഫിക് ഇൻസ്‌പെക്ടർ ജനറൽ മഹേഷ് കുമാർ എന്നിവർ ഓൺലൈനായി ഹാജരായി. പ്രധാന നഗരങ്ങളിലെ പ്രധാന ജംഗ്ഷനുകളിലും കവലകളിലും ശാസ്ത്രീയ സീബ്രാ ക്രോസിംഗ് ഉറപ്പാക്കണമെന്ന് ബെഞ്ച് മുമ്പ് നിർദേശിച്ചിരുന്നു.
സംസ്ഥാനത്തിനുവേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ കെ.വി. മനോജ്കുമാർ ഹാജരായി. വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങൾ, നടപടി സ്വീകരിച്ച റിപ്പോർട്ടുകൾ എന്നിവയ്‌ക്കൊപ്പം മെമ്മോകളും ഫയൽ ചെയ്തതായി ബോധിപ്പിച്ചു. രേഖകൾ പരിശോധിച്ചുകൊണ്ട്, വെറും റിപ്പോർട്ടുകളും വാക്കുകളും മാത്രമല്ല, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ യഥാർത്ഥ നടപടികളാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഈ നൂറ്റാണ്ടിലും സീബ്രാ ക്രോസിംഗുകൾ കൃത്യമായും ശാസ്ത്രീയമായും അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇടപെടേണ്ടിവരുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
സീബ്രാ ക്രോസിംഗുകളിൽ ഭൂരിഭാഗവും അശാസ്ത്രീയമായി വരച്ചിരിക്കുന്നതും കാൽനടയാത്രക്കാരെ ഒരു സ്ഥലത്തുനിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള തുടർച്ചയില്ലാത്തതുമാണ് എന്ന വസ്തുത കോടതി ചൂണ്ടിക്കാട്ടി. ക്രോസിംഗുകൾ കണക്കിലെടുക്കാതെ അതിന് മുകളിൽ നിർഭയമായി പാർക്ക് ചെയ്യുന്നത് സർവ്വവ്യാപിയാണ്. പരിഷ്കൃത സംസ്കാരത്തിൽ, കാൽനടയാത്രക്കാർക്ക് ശ്രദ്ധയില്ലാതെയും കാൽനടയാത്രക്കാർക്ക് ആദ്യം ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്ന വസ്തുത അവഗണിച്ചും വാഹനങ്ങൾ സീബ്രാ ക്രോസിംഗിൽ നിർത്തുന്നത് അവിശ്വസനീയമാണ്- കോടതി അഭിപ്രായപ്പെട്ടു.
kerala high court calls for urgent action to improve pedestrian safety, terming vehicle stops on zebra crossings as unacceptable.