2027 സാമ്പത്തിക വർഷത്തോടെ നിയോഡൈമിയം (neodymium) ഉത്പാദനം ഒമ്പത് മടങ്ങ് വർധിപ്പിച്ച് 500 ടണ്ണായി ഉയർത്താൻ ഇന്ത്യ. 2026 സാമ്പത്തിക വർഷത്തിൽ ഉത്പാദനം ഏകദേശം 200 ടണ്ണാക്കുമെന്നും ഇന്ത്യൻ റെയർ ഏർത്ത് ലിമിറ്റഡ് (IREL) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
2025ൽ ചൈന റെയർ ഏർത്ത് എലമെന്റ് കയറ്റുമതി നിയന്ത്രണം കർശനമാക്കിയത് ആഗോളതലത്തിലെ റെയർ ഏർത്ത് എലമെന്റ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയോഡൈമിയം ഉത്പാദനം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം എന്നതാണ് ശ്രദ്ധേയം.

നിയോമാഗ്നറ്റുകളെന്ന് അറിയപ്പെടുന്ന ശക്തിയേറിയ കാന്തങ്ങളുണ്ടാക്കാനായാണ് നിയോഡൈമിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. യന്ത്രഭാഗങ്ങളുടെ ഘർഷണം കുറയ്ക്കാനും റോബോട്ടുകളുടെ ഭാഗങ്ങളുടെ ചലനം എളുപ്പത്തിലാക്കാനും ഈ കാന്തങ്ങൾ ഉപയോഗിക്കാറുണ്ട്. ഒപ്പം മാഗ്നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് ഓടുന്ന മാഗ് ലെവ് ട്രെയിനുകളിലും നിയോമാഗ്നറ്റുകൾ ഉപയോഗപ്രദമാണ്.
മോട്ടോറുകൾ, ജനറേറ്ററുകൾ, കംപ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ഹൈബ്രിഡ് കാറുകൾ, വ്യവസായശാലകളിൽ ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾ, എസി, ലിഫ്റ്റ്, കാറ്റാടിയന്ത്രങ്ങൾ, ടർബൈനുകൾ എന്നിവയിലെല്ലാം നിയോഡൈമിയം ഉപയോഗിക്കുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന, ചെറിയ സ്പീക്കറുകൾ, മൈക്രോഫോണുകൾ, ഹെഡ്ഫോണുകൾ എന്നിവയുടെ നിർമാണത്തിലും ഇവ സുപ്രധാന ഘടകമാണ്.
India plans to ramp up neodymium production to 500 tonnes by 2027 through Indian Rare Earths Limited (IREL). The move aims to strengthen India’s rare earth supply chain, supporting industries like EVs, robotics, and renewable energy with locally produced neodymium magnets.
